അഗളി: അച്ഛന്റെ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തിയെന്ന കേസിൽ ആറരവർഷം ജയിൽവാസം കഴിഞ്ഞെത്തിയ നാല്പതുകാരൻ സ്വന്തം വൃക്ക ഇരുപതുകാരിക്ക് നല്കി പ്രായശ്ചിത്തം ചെയ്യുന്നു. പട്ടാന്പി പള്ളിപ്പുറം സ്വദേശി പുളിത്തടത്തിൽ സുകുമാരനാണ് (40) വൃക്കദാനം നടത്താൻ അട്ടപ്പാടിയിലെ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിലെത്തിയത്.
വൃക്ക തകരാറിലായി ജീവിതത്തോട് മല്ലടിച്ചു കഴിയുന്ന നിർധന പെണ്‍കുട്ടിയായ കൊല്ലം വടക്കേവിളയിൽ പ്രിൻസി തങ്കച്ചനാണ് യുവാവ് വൃക്ക നല്‍കുന്നത്.മൊബൈൽ ടവർ സംബന്ധിച്ച തർക്കത്തെ തുടർന്നുണ്ടായ ക്ഷോഭത്തിൽ വലിയച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. 2007-ലായിരുന്നു സംഭവം.
2010 ഒക്ടോബർ 28 മുതൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു.ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകിയ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഉമ പ്രേമന്റെ ജീവചരിത്രം നിലാച്ചോറ് വായിക്കാനിടയായി.
തന്റെ ജീവിതവും ശരീരവും ജീവകാരുണ്യ പ്രവർത്തനത്തിൽ ലയിപ്പിക്കാൻ തന്നെ തീരുമാനമെടുത്തു. ജയിൽ ശിക്ഷ അനുഭവിക്കുന്പോൾ തന്നെ സുകുമാരൻ തന്റെ ഇംഗിതം അറിയിച്ചും വൃക്ക ഏതെങ്കിലും പാവപ്പെട്ടവർക്കു നല്കാൻ സന്നദ്ധത പ്രകടിപ്പിച്ചും ഉമാപ്രേമന്‍ കത്തെഴുതി. കത്തിനു മറുപടി ലഭിക്കും മുന്‍പുതന്നെ 2017 ജൂലൈ ഒന്നിന് സുകുമാരൻ ജയിൽ മോചിതനായി.
ജയിൽ അധികൃതർക്ക് ലഭിച്ച ഉമാപ്രേമന്റെ മറുപടി കത്ത് സുകുമാരനെ തേടി സ്വന്തംവീട്ടിലെത്തി. ജയിൽശിക്ഷ കഴിഞ്ഞ് ഭാര്യയോടും മകനോടുമൊപ്പം താമസം തുടങ്ങിയ സുകുമാരൻ കത്തുകിട്ടിയ ഉടനേ തന്നെ അട്ടപ്പാടിയിലെത്തി ഉമാപ്രേമനെ നേരിൽകണ്ടു.
കൊല്ലം ജില്ലയിൽ നിർധന പെണ്‍കുട്ടിക്ക് വൃക്കനല്കാനാകുമോയെന്ന് ഉമാപ്രേമൻ ആരാഞ്ഞു. ഇരുപതുവയസുള്ള ഒരു പാവം പെണ്‍കുട്ടിയുടെ ജീവൻ തന്റെ ജീവൻകൊണ്ട് നിലനിർത്താനാകുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നായിരുന്നു മറുപടി. പിന്നീട് വൈകിയില്ല.
ശസ്ത്രക്രിയയ്ക്കുവേണ്ട എല്ലാ പരിശോധനകളും പൂർത്തിയാക്കി. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. പട്ടാന്പിയിൽ പള്ളിപ്പുറത്തുവീട്ടിൽ ഭാര്യാപിതാവിനും മാതാവിനുമൊപ്പമാണ് ഭാര്യയും മകനും കഴിഞ്ഞിരുന്നത്. ഒരു മകൾ വിവാഹിതയാണ്. ഏകമകൻ പ്ലസ് ടു കഴിഞ്ഞ് കൂലിവേലയ്ക്കു പോകുന്നു. സാന്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് സുകുമാരന്റേത്.ക്രോധം ഒന്നിനും പരിഹാരമല്ലെന്നു സുകുമാരൻ തിരിച്ചറിഞ്ഞു. പെട്ടെന്നുണ്ടായ സങ്കടവും ദേഷ്യവും തന്നെ കൊലപാതകിയാക്കി.
അതിനു പ്രായശ്ചിത്തമെന്നോണം ഏതു ത്യാഗവും സഹിക്കാൻ തയാറാണ്. പ്രതിഫലമില്ലാതെ തന്റെ ശരീരവും മനസുംകൊണ്ട് പറ്റുന്നതെന്തും പാവപ്പെട്ടവർക്കായി ചെയ്യണം.
കുടുംബ ത്തിനും തന്റെ തീരുമാനത്തോട് സന്തോഷമായ പ്രതികരണമാണുള്ളതെന്നു സുകുമാരൻ പറഞ്ഞു.തത്കാലം അട്ടപ്പാടിയിൽ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിൽ ഉമാപ്രേമന്റെ കീഴിൽ ജീവകാരുണ്യ പ്രവർത്തനം ചെയ്യാനാണ് സുകുമാരന്റെ തീരുമാനം. ഇതിനിടെ വൃക്കദാനം ചെയ്യണം.