തൊടുപുഴ: കളഞ്ഞുകിട്ടിയ ആറുപവൻ സ്വർണമാല ഉടമക്കു തിരികെ നൽകി അധ്യാപിക മാതൃകയായി. തൊടുപുഴ ഗവ. ഗേൾസ് ഹൈസ്കൂൾ അധ്യാപിക പന്നൂർ സ്വദേശി അന്പിളി ഗോപാലനാണ് മാതൃകയായത്.
വെള്ളിയാഴ്ച വൈകുന്നേരം കരിമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിൽനിന്നാണ് മാല ലഭിച്ചത്. തുടർന്നു മാല കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു. കരിമണ്ണൂർ എസ്ഐ. ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ വഴിയും പ്രാദേശിക കേബിൾ ചാനൽ വഴിയും മാല കളഞ്ഞുകിട്ടിയ വിവരം അറിയിച്ചു.
ഇതേത്തുടർന്ന് ഉടമസ്ഥൻ റിട്ട. ഡിഡി ഓഫീസ് ഉദ്യോഗസ്ഥനായ കരിമണ്ണൂർ സൗപർണികയിൽ യു.ആർ. വിജയൻ പോലീസ് സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞു. തുടർന്ന് സ്റ്റേഷനിൽ അന്പിളി ഗോപാലൻ മാലയുടെ ഉടമസ്ഥനായ യു.ആർ. വിജയന് മാല കൈമാറി.
എഎസ്ഐമാരായ തങ്കപ്പൻ, പ്രദീപ് കുമാർ, പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.