മലപ്പുറം: നിലവിലെ രാഷ്ട്രീയത്തോടു വെറുപ്പാണ് തോന്നുതെന്നു പ്രശസ്ത തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ. മലപ്പുറം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുക്കപ്പെട്ട ചെകുത്താനാണ് രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാക്കാർ രാഷ്ട്രീയത്തിലെത്തി സ്ഥാനങ്ങൾ നേടുന്നതു നല്ല പ്രവണതയല്ല, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും എത്ര തവണ പിളർന്നു. രാഷ്ട്രീയക്കാർ സാഹിത്യകാരന്മാരെ നിയന്ത്രിക്കാൻ വരുന്നതും ശരിയല്ല. എഴുത്തുകാർ എപ്പോഴും വിപ്ലവകാരികളായി അഴിമതിക്കെതിരെ പോരാടുന്നവരായിരിക്കണം. സമുദായത്തിന്റെ എതിർപ്പു ഉണ്ടായാലും എഴുത്തു തുടരുക തന്നെ വേണം. അല്ലാത്തവർ ഭീരുക്കളാണ്. തമിഴ് സാഹിത്യം വളർച്ചയുടെ പാതയിലാണ്.
അതിന്റെ അടയാളമാണ് മികച്ച പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നത്. പെരുമാൾ മുരുകൻ മികച്ച എഴുത്തുകാരനാണ്. ശക്തമായ ജാതിവ്യവസ്ഥ നിലനിൽക്കുന്നതു പെരുമാൾ മുരുകനെപ്പോലുള്ളവർക്ക് സാഹിത്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്നു.കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായതു കേരളത്തിനു വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. തമിഴ് ചരിത്രവും വികസനവും കന്യാകുമാരിയിലില്ല. ഇപ്പോൾ രണ്ടു സംസ്ഥാനങ്ങൾക്കും വേണ്ടാത്ത അവസ്ഥയാണുള്ളത്. സംസ്ഥാനത്തിന്റെ വിഷയങ്ങൾക്കു ഒന്നിച്ചു നിൽക്കുന്ന തമിഴ്നാട്ടുകാർ സാഹിത്യത്തിന്റെ കാര്യത്തിൽ ഈ ഒരുമ കാണിക്കുന്നില്ലെന്നും വ്യക്തിപരമായ താൽപര്യങ്ങളാണ് ഇതിനു കാരണമെന്നും തോപ്പിൽ മുഹമ്മദ് മീരാൻ പറഞ്ഞു.