കൊച്ചി: ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്ട്രേറ്റ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഭാര്യയേയും രണ്ടു കുട്ടികളേയും നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെതിരേ നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. എറണാകുളം പാണ്ടിക്കുടി സുജാത റോഡിൽ ജൂനിജൂഡ് സമർപ്പിച്ച പരാതിയിലാണു കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസിന്റെ ഉത്തരവ്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണു പരാതിക്കാരിയുടെ ഭർത്താവ്.
മദ്യപിച്ചു നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെതിരേ കോടതിയിൽനിന്നു ജൂനി അനുകൂല ഉത്തരവ് സന്പാദിച്ചിരുന്നു. ഉത്തരവ് ഉണ്ടായിട്ടും സ്വന്തം വീട്ടിൽ വൈദ്യുതിയും കുടിവെള്ളവും നിഷേധിക്കുകയാണെന്നു പരാതിയിൽ പറയുന്നു. കോടതി ഉത്തരവ് ധിക്കരിക്കുന്നതായി വരാതിരിക്കാൻ ഭർത്താവ് ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു.
വിഷയത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സ്ത്രീയും രണ്ട് കുട്ടികളും വെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതം അനുഭവിക്കേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച് അന്വേഷിച്ചു മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നു ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം കേസ് എറണാകുളം സിറ്റിംഗിൽ പരിഗണിക്കും.