ചണ്ഡീഗഡ്: ഹരിയാന ബിജെപി അധ്യക്ഷന്റെ മകൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണവുമായി യുവതി. വെള്ളിയാഴ്ച രാത്രി, തന്നെ വാഹനത്തിൽ പിന്തുടരുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്നുകാട്ടി ഹരിയാന സർക്കാർ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥന്റ മകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഹരിയാന ബിജെപി പ്രസിഡന്റ് സുഭാഷ് ബരാലയുടെ മകൻ വികാസ് ബരാലയ്ക്കെതിരേയാണ് ആരോപണം.
വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ചണ്ഡിഗഡ് നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്ന യുവതിയെ വികാസും മറ്റൊരാളും ടാറ്റ സഫാരി വാഹനത്തിൽ പിന്തുടരുകയായിരുന്നു. വികാസ് രണ്ടുതവണ യുവതിയുടെ വാഹനത്തെ മറികടന്ന് റോഡിനു കുറുകെ വാഹനം നിർത്താനും ഇടിപ്പിക്കാനും ശ്രമം നടത്തി. എന്നാൽ വാഹനം നിർത്താതെ യുവതി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പോലീസിന് വിവരം നൽകി. തുടർന്ന് പോലീസെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ചണ്ഡിഗഡ് റോഡിൽ ഞാൻ തട്ടിക്കൊണ്ടുപോകലിൽനിന്ന് രക്ഷപ്പെട്ടു. എന്റെ കൈകൾ വിറയ്ക്കുന്നു. എന്റെ ശരീരം പേടിച്ച് കോച്ചിവലിക്കുന്നു. ഞാനെങ്ങനെയാണ് വീട്ടിലെത്തിയതെന്ന് എനിക്കുതന്നെ അറിയില്ല. ഒരു സാധാരണക്കാരന്റെ മകളല്ലാതിരുന്നതിൽ ഭാഗ്യവതിയാണെന്ന് ഞാൻ ഇപ്പോൾ വിചാരിക്കുന്നു. അല്ലെങ്കിൽ എങ്ങനെയാണ് ഇത്തരം ഒരു വിഐപിയിൽനിന്നു രക്ഷപ്പെടാൻ കഴിയുക. ഞാൻ ഭാഗ്യവതിയാണ്. അല്ലായിരുന്നെങ്കിൽ ബലാത്സംഗം ചെയ്യപ്പെട്ടോ കൊല്ലപ്പെട്ടോ ഞാൻ എവിടെയെങ്കിലും കിടന്നേനെ- യുവതി ഫേസ്ബുക്കിൽ കുറിച്ചു. യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്.
യുവതി വിവരം നൽകിയതനുസരിച്ച് പോലീസ് വികാസിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ച കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയത്.