ഓട്ടോസ്പോട്ട് /ഐബി
രണ്ടാം ലോകമഹായുദ്ധത്തിന്റെ പാരന്പര്യമുണ്ട് അമേരിക്കൻ വാഹനനിർമാതാക്കളായ ജീപ്പിന്. 1940 മുതൽ വില്ലീസിലൂടെ നിരത്തിലേക്കിറങ്ങിയ ജീപ്പിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ലോകശ്രദ്ധയാകർഷിക്കുന്ന നിരവധി മോഡലുകൾ ജീപ്പിൽനിന്നു പിറവിയെടുത്തു. 1948ൽ വില്ലീസ് ജീപ്പ് അസംബിൾ ചെയ്യാനുള്ള ലൈസൻസ് നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ജീപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. പിന്നീടുള്ള മഹീന്ദ്രയുടെ വാഹനങ്ങളിൽ ജീപ്പിന്റെ മോഡലുകളുടെ ഛായ പ്രതിഫലിച്ചിട്ടുമുണ്ട്. അര നൂറ്റാണ്ട് പിന്നിട്ടപ്പോൾ വാഹനവിപണിയിൽ എസ്യുവി വിഭാഗത്തിലേക്കാണ് ജീപ്പ് ചുവടുവച്ചിരിക്കുന്നത്, കൂട്ടിന് ഫിയറ്റും. ഇറ്റാലിയൻ-അമേരിക്കൻ വാഹനനിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ (എഫ്സിഎ) പൂനയിലുള്ള നിർമാണ പ്ലാന്റിൽനിന്നാണ് കോന്പസ് ജന്മംകൊണ്ടിരിക്കുന്നത്. ജീപ്പിനുവേണ്ടി മാത്രം 28 കോടി ഡോളറിന്റെ നിക്ഷേപം എഫ്സിഎ ഇവിടെ നടത്തിയിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ വ്രാംഗ്ളർ, ഗ്രാൻഡ് ചെറോക്കി എന്നീ മോഡലുകൾ ജീപ്പിൽനിന്ന് ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. പത്തു ലക്ഷം മുതൽ വിലയാരംഭിക്കുന്ന ജീപ്പിന്റെ കോംപാക്ട് എസ്യുവി റെനെഗേഡ് 2018ലെ ഓട്ടോ എക്സ്പോയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മേഡ് ഇൻ ഇന്ത്യ പരിവേഷത്തോടെ നിരത്തിലെത്തിച്ചിരിക്കുന്ന മോഡലാണ് കോന്പസ്. ഇന്ത്യൻ നിരത്തുകളെ മാത്രമല്ല, ലോകത്ത് റൈറ്റ് ഹാൻഡ് ഡ്രൈവിംഗുള്ള രാജ്യങ്ങളിലേക്കുകൂടി ഇവിടെനിന്ന് കയറ്റി അയയ്ക്കാനാണ് കന്പനിയുടെ തീരുമാനം. ക്രോസ് ഓവർ/എസ്യുവി വിഭാഗത്തിൽ ഇപ്പോൾ കുതിപ്പു തുടരുന്ന വാഹനങ്ങൾക്ക് ജീപ്പിന്റെ ഈ 5 സീറ്റർ വാഹനം വലിയ വെല്ലുവിളിയുയർത്തുമെന്നതിൽ സംശയമില്ല.
പുതുമ മാത്രം: ജീപ്പിന്റെ കോന്പസിൽ എൻജിനുൾപ്പെടെ എല്ലാം പുതുമയുള്ളതാണ്. 1.4 ലിറ്റർ മൾട്ടിഎയർ ടർബോ പെട്രോൾ എൻജിനും 2.0 ലിറ്റർ മൾട്ടി ജെറ്റ്- II എൻജിനുമാണ് കോന്പസിന്റെ കരുത്ത്. രണ്ട് എൻജിനും ആറ് സ്പീഡ് മാന്വൽ ഗിയർബോക്സിലെത്തുന്പോൾ ടോപ് എൻഡ് പെട്രോൾ മോഡൽ ഒരു പടി മുകളിലുള്ള എൻജിൻ ഫീച്ചർ നല്കുന്നു. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ മോഡലിലുള്ളത്. ഒരുപക്ഷേ പെട്രോൾ കോന്പസിൽ 9 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റ് അടുത്ത വർഷം പുറത്തിറക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ഡീസലിൽ 4×4 ആണ് ടോപ് എൻഡ് വേരിയന്റ്.
ജീപ്പിന്റെ ഗ്രാൻഡ് ചെറോക്കിയുടെ ഡിസൈൻ ഉൾക്കൊണ്ടാണ് കോന്പസിന്റെ പിറവി. പ്രത്യേകിച്ച് ഷെറോക്കീയുടെ മുൻഭാഗം അതുപോലെ പറിച്ചുവച്ചിരിക്കുന്നുവെന്നു പറയാം.
വലിയ ഹെഡ്ലാന്പുകളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിൽ കറുപ്പിന്റെ അഴക് ചാലിച്ച, ജീപ്പിന്റെ വ്യക്തിത്വം കാണിക്കുന്ന ക്രോം ലൈനുകളോടു കൂടിയ ഏഴ് സ്ലാറ്റ് ഗ്രില്ലാണ് മുൻവശത്തെ മുഖ്യ ആകർഷണം. കന്പനിയുടെ ഡിസൈനർ മാർക്ക് അലൻ പറയുന്നതുപോലെ മൃഗങ്ങളുടെ കണ്ണുകൾ പോലെയാണ് കോന്പസിന്റെ എൽഇഡി ലൈനുകളോടുകൂടിയ ഹെഡ്ലാന്പുകൾ. അതേസമയം ഡേ ടൈം റണ്ണിംഗ് ലാന്പ് (ഡിഎൽആർ) അല്ല ഈ എൽഇഡികൾ. ഡിഎൽആർ ഫോഗ് ലാന്പിനൊപ്പം ബംപറിൽ ഇടംപിടിച്ചിട്ടുമുണ്ട്. ജീപ് ലോഗോ ഗ്രില്ലിനു മുകളിലായി ബോണറ്റിൽ ഉറപ്പിച്ചപ്പോൾ ഗ്രില്ലിനും എയർഡാമിനും മധ്യത്തിലായി ഗ്രില്ലുപോലെ ചെറിയ സ്ലാറ്റുകൾ അധികമായുണ്ട്. ബംപറിലെ കറുപ്പ് ശരീരം മുഴുവൻ വ്യാപിച്ചുകിടക്കുന്നുവെന്നു പറയാം.
17 ഇഞ്ച് സിൽവർ അലോയ് വീൽ വാഹനത്തിന് കൂടുതൽ ഉയരവും പ്രൗഢിയും നല്കുന്നു. മനംമയക്കുന്ന ഡിസൈനാണ് കോന്പസിന്റെ പിൻഭാഗത്തിനുമുള്ളത്. രണ്ടു ഭാഗങ്ങളായുള്ള ടെയിൽലാന്പുകൾക്ക് എൽഇഡി ഗൈഡ് ലൈറ്റും നല്കിയിരിക്കുന്നു. വിൻഡ്ഷീൽഡിനു തൊട്ടുതാഴെ ലോഗോ.
എക്സോട്ടിക് റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മിനിമൽ ഗ്രേ, വോക്കൽ വൈറ്റ്, ഹൈഡ്രോ ബ്ലൂ എന്നീ അഞ്ചു കളർ ഓപ്ഷനുകളിലാണ് കോന്പസ് എത്തിയിരിക്കുന്നത്.
ഉൾവശം: ഡോറുകളിൽ സെൻ സർ ഉള്ളതിനാൽ തുറക്കാൻ താക്കോൽ വേണ്ട. ഉൾവശം ബ്ലാക്ക്-ഓഫ് വൈറ്റ് കോംപിനേഷനിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സെൻട്രൽ കണ്സോളിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡുവൽ ടോണ് ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം, യുഎസ്ബി/ഓക്സിലറി കണക്ടിവിറ്റി സംവിധാനം ചാർജിംഗ് പോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു. ട്രാക്ഷൻ മോഡ് ക്രമീകരിക്കാനുള്ള നോബും ഇവിടെത്തന്നെയാണ്.
ലെതർ കവറിംഗുള്ള ത്രീ സ്പോക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കണ്ട്രോൾ യൂണിറ്റ് നല്കിയിട്ടുണ്ട്.
അഞ്ചു പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന വിധത്തിലാണ് സീറ്റിംഗ്. ബക്കറ്റ് സീറ്റുകളും പ്രീമിയം നിറവും ആഡംബരം ഉയർത്തുന്നു. പുറത്ത് ചെറിയ വാഹനമെന്നു തോന്നിക്കുമെങ്കിലും വിശാലമായ സൗകര്യങ്ങൾ ഉള്ളിലുണ്ട്.
എൻജിൻ: ഇന്ത്യയിൽ രണ്ട് എൻജിൻ ഓപ്ഷനാണ് ജീപ്പ് നല്കുന്നത്. 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ഡ് മൾട്ടിജെറ്റ് 11 ഡീസൽ എൻജിൻ 173 പിഎസ് പവറിൽ 360എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ, 1.4 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ഡ് മൾട്ടി എയർ പെട്രോൾ എൻജിൻ 162 പിഎസ് പവറിൽ 250 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
ഡീസൽ എൻജിനിൽ 4×2 (റിയർ വീൽ ഡ്രൈവ്) വേരിയന്റാണ് ബേസ് മോഡൽ. ടോപ് വേരിയന്റുകളായ ഡീസൽ ലിമിറ്റഡ്/ഡീസൽ ലിമിറ്റഡ് (ഒ) 4×4 ഓപ്ഷനിലാണ് എത്തുന്നത്.
സുരക്ഷ: ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷൻ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ഇഎസ്പി), ട്രാക്ഷൻ കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പാനിക് ബ്രേക്ക് അസിസ്റ്റ് (ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് അപ്ലൈ ചെയ്താൽ ഈ സംവിധാനം കൂടുതൽ മർദം നല്കി വാഹനത്തെ നിയന്ത്രിക്കുന്നു), ഇലക്ട്രോണിക് റോൾ ഓവർ മിറ്റിഗേഷൻ (ബ്രേക്ക്, ട്രാക്ഷൻ കണ്ട്രോൾ, എൻജിൻ ടോർക്ക് കണ്ട്രോൾ തുടങ്ങിയവ ഒരുമിച്ച് അപ്ലൈ ചെയ്യുന്ന സംവിധാനം), മുന്നിൽ രണ്ട് എയർബാഗുകൾ എന്നിവ ബേസ് മോഡൽ മുതലുള്ളവയ്ക്കുണ്ട്. 4×4 വേരിയന്റിന് ആറ് എയർബാഗ്.
കൂടാതെ ഫോഗ് ലാന്പുകൾ, റിയർവ്യൂ കാമറ, റിയർ പാർക്കിംഗ് സെൻസറുകൾ, മാന്വലി ഡിമ്മിംഗ് ഇന്റേണൽ റിയർവ്യൂ മിറർ തുടങ്ങിയവയും സുരക്ഷ ഉയർത്തുന്നുണ്ട്.
വില: 15.7-21.4 ലക്ഷം രൂപ