പല്ലിന്റെ ചികിത്സയ്ക്കും കണ്ണിന്റെ ചികിത്സയ്ക്കും ലോകത്തിൽ എവിടെയാണെങ്കിലും ചെലവ് കൂടുതലാണ്. ഇതിൽ എണ്ണത്തിൽ കൂടുതൽ ആയതിനാൽ പല്ലുകളുടെ ചികിൽസയ്ക്ക് ചെലവ് കൂടി നിൽക്കും.
ചെലവ് കൂടുതൽ ആയതിനാൽ പല്ലിന്റെ ചികിൽസ വേണ്ട എന്നു വയ്ക്കുകയോ, മാറ്റി വയ്ക്കുകയോ, പല്ല് പോകട്ടെ എന്ന് വയ്ക്കുകയോ ചെയ്യുന്നവരാണു കൂടുതലും. എന്നാൽ ഈ ധാരണ തെറ്റാണ്. സംരക്ഷിച്ചു നിലനിർത്താൻ സാധിക്കുന്നു എങ്കിൽ തീർച്ചയായും പല്ലുകളെ സംരക്ഷിക്കണ്ടതു തന്നെയാണ്.
കേരളത്തിൽ ദന്തചികിൽസാ ചിലവ് മറ്റെവിടത്തെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞതാണ്. എന്നാൽ ചികിൽസാ നിലവാരത്തിന്റെ കാര്യത്തിൽ ലോകോത്തര നിലവാരം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുന്നുമുണ്ട്. ദന്തചികിൽസാ ചിലവ് തന്നെയല്ല, ഡോക്ടർമാരുടെ സേവനം വരെ പല രാജ്യങ്ങളിലും ഉടനടി ലഭിക്കുന്നതല്ല. മുൻകൂട്ടി സമയം നിശ്ചയിച്ചു മാത്രമേ ഡോക്ടർമാരെ കാണാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഇന്ത്യയിൽ/കേരളത്തിൽ ദന്തരോഗത്തിനും ചികിൽസ ഉടനടി നൽകാനുള്ള സംവിധാനമുണ്ട്. ഈ കാരണത്താൽ തന്നെയാണ് ദന്തരോഗങ്ങൾ തുടക്കത്തിൽ തന്നെ പരിശോധനയിൽ കൂടി കണ്ടുപിടിക്കാൻ സാധിക്കാതെ വരുന്നത്.
പലപ്പോഴും ഒരു ദന്തരോഗം അതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തുന്പോൾ മാത്രമാണ്. ഒരു ദന്തഡോക്ടറുടെ സഹായം ആവശ്യപ്പെട്ട് എത്തുന്നത്.
ഉദാഹരണം
1. പോട് -തുടക്കത്തിൽ കണ്ടുപിടിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ചിലവിൽ അടച്ചു വയ്ക്കാൻ കഴിയുന്നതാണ്. ഇത് കൂടുതൽ ആഴത്തിൽ ബാധിച്ചാൽ റൂട്ട് കനാൽ ചികിൽസ നടത്തി ക്യാപ്പ് ഇടുന്നതിലേക്ക് എത്തിക്കുന്നു. അപ്പോൾ ചെലവ് മുന്നൂറിൽ നിന്നും മൂവായിരത്തിലേക്ക് എത്തുന്നു.
2. മോണരോഗം-
തുടക്കത്തിൽ പരിശോധിച്ചു കണ്ടുപിടിച്ചാൽ മോണയും പല്ലുകളും ക്ലീനിംഗ് നടത്തുന്നതിൽ ചികിൽസ നിർത്താം. എന്നാൽ ഇത് എല്ലുകളെ ബാധിച്ചാൽ ഫ്ളാപ്പ് സർജറി മാത്രമേ ഇതിനു പ്രതിവിധിയുള്ളൂ. ഈ ചികിൽസ ആയിരത്തിൽ നിന്നും പതിനായിരത്തിലേക്ക് ചിലവിനെ എത്തിക്കുന്നു.
3. പല്ല് എടുത്തുകളയുന്നത് –
റൂട്ട് കനാൽ, പോസ്റ്റ,് ക്യാപ്പ് എന്നീ ചികിൽസ ഉപയോഗിച്ചും നിലനിർത്തിയാൽ ഇംപ്ലാന്റ് – ബ്രിഡ്ജ് എന്നീ ചികിൽസ നടത്തുന്ന ചെലവുകളിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും. മുപ്പത്തിരണ്ടു പല്ലുകൾ ഉണ്ടല്ലോ. ഒന്നോ രണ്ടോ എണ്ണം നഷ്ടപ്പെട്ടാൽ ബാക്കിയുണ്ടല്ലോ എന്ന ചിന്തയാണ് പലർക്കും ഉള്ളത്.
വിസ്ഡം ടൂത്ത് നാല് എണ്ണം മാത്രമാണ് എടുത്തു കളയുവാൻ നിർദ്ദേശിക്കാറുള്ളത്. കാരണം ഇത് പുറത്തു വരുവാൻ സ്ഥലം ഇല്ലാതെ ഉള്ളിൽ കിടക്കുകയോ മറ്റു പല്ലുകൾക്ക് ദോഷം ചെയ്യുന്പോഴോ നാക്കിനും ചെള്ളയ്ക്കും മുറുവുകൾ ഉണ്ടാക്കുന്പോഴോ മാത്രമാണ് എടുക്കാൻ നിർദ്ദശിക്കുന്നത്.
ബാക്കി നിൽക്കുന്ന എല്ലാ പല്ലുകളും കഴിയുമെങ്കിൽ ചികിൽസിച്ചു നിലനിർത്താൻ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിനും കാഴ്ചയ്ക്കും താടിയെല്ലിന്റെ സന്തുലിനിത അവസ്ഥയ്ക്കും പല്ലുകൾ ആവശ്യമാണ്.
ഒരു പല്ല് രൂപാന്തരപ്പെട്ട് വായ്ക്കുള്ളിൽ വരുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയിൽ കൂടിയാണ്. പല്ലുകളെ കൃത്യമായി രൂപാന്തരപ്പെടുത്തിയെടുക്കാനുള്ള സാങ്കേതിക വിദ്യ മനുഷ്യനെ ക്കൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിച്ചിട്ടില്ല. അത്യാധുനിക ചികിൽസാ രീതിയായ ഇംപ്ലാന്റ്പോലും നമ്മുടെ പല്ലുകളുമായി അടുത്തു നിൽക്കും എന്നു മാത്രമേ പറയാൻ സാധിക്കൂ.
പല്ലുകളെ ശരീരത്തിലെ ഒരു അവയവമായി കണക്കാക്കി ആവശ്യമുള്ള ചികിൽസ നൽകി സംരക്ഷിച്ചാൽ ജീവിതകാലം മുഴുവനും സ്വന്തം പല്ലുകൾ നിലനിർത്തി കാഴ്ചയ്ക്കും ഭക്ഷണം കഴിക്കുന്നതിനുമുള്ള പ്രയോജനം നിലനിർത്തുവാൻ സാധിക്കും
ഉപ്പോളം ആവില്ല ഉപ്പിലിട്ടത്! പലപ്പോഴും പണം മുടക്കി ചികിൽസ ചെയ്യു ന്നവർ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. എത്രനാൾ ഇതിനും ഗ്യാരണ്ടി ഉണ്ട് എന്ന് ഉത്തരം വളരെ ലളിതമാണ്.
ദൈവം പ്രകൃതിദത്തമായി തന്ന പല്ലുകൾക്കു മാത്രമേ ആജീവനാന്ത ഗ്യാരണ്ടി ഉള്ളൂ- അതും ശരിയായി പരിചരിച്ചാൽ മാത്രം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ് 9447219903
[email protected]
www.dentalmulamoottil.com