കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ദിലീപിന്റെ ജാമ്യാപേക്ഷ നൽകുന്ന ദിവസം തീരുമാനിച്ചിട്ടില്ലെന്നു ദിലീപിന്റെ അഭിഭാഷകൻ ബി. രാമൻപിള്ള പറഞ്ഞു. ഇന്നു ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള സാധ്യത വിരളമാണെന്നും റിമാൻഡ് അടക്കമുള്ള കാര്യങ്ങളിലെ രേഖകൾ മുഴുവൻ ലഭിച്ചാൽ മാത്രമേ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയുമായി സമീപിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപ് ജാമ്യപേക്ഷ നൽകുമെന്ന് ഉറപ്പായതോടെ കേസിൽ കുറ്റപത്രം ഈ മാസംത്തന്നെ സമർപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
പ്രധാനമായും ദിലീപിന്റെ സ്വാധീനം ഉന്നയിച്ചു ജാമ്യാപേക്ഷ തടയാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുക. സിനിമ മേഖലയിൽനിന്നുള്ളവരും പുറത്തുള്ളവരും കേസിൽ സാക്ഷികളായിട്ടുണ്ട്. ദിലീപ് പുറത്തിറങ്ങിയാൽ ഇവരെ പണം നൽകിയോ ഭീഷണിപ്പെടുത്തിയോ സാക്ഷിമൊഴി മാറ്റിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുമെന്നു ജാമ്യം തടയാനുള്ള വാദമായി ഉയർത്തും.
ദിലീപിനെതിരേ കൂടുതൽ സാഹചര്യ തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമ മേഖലയിലുള്ളവർ എന്നിവരിൽനിന്നു മൊഴിയെടുത്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചത്.
ഇപ്പോൾ ലഭിച്ച വിവരങ്ങളും തെളിവുകളും പോലീസ് ക്രോഡീകരിക്കുകയാണ്. കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനായി കുറ്റമറ്റ രീതിയിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പൾസർ സുനിയെ ഒന്നാം പ്രതിയാക്കി നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇനി ഗൂഢാലോചന കേസിൽ കുറ്റപത്രം സമർപ്പിക്കുന്പോൾ ദിലീപ് രണ്ടാം പ്രതിയാകും.
കുറ്റപത്രം തയാറാക്കുന്നതിന്റെ ഭാഗമായി നടനും സംവിധായകനുമായ നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നു റൂറൽ എസ്പി എ.വി. ജോർജ് വ്യക്തമാക്കി. നാദിർഷയ്ക്കു നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നേരിട്ടു ബന്ധമില്ലെന്ന സൂചനയാണ് പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്നത്. എന്നാൽ, സഹോദരൻ സമദ് ഉൾപ്പെടെയുള്ളവരിൽനിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലും വിശ്വാസീയത ഉറപ്പാക്കാനായിട്ടുമാണു നാദിർഷയെ ചോദ്യം ചെയ്യുക.
കഴിഞ്ഞ ദിവസം ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ആറു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സുനിയെ പരിചയമുണ്ടായിരുന്നുവെന്നും പണമാവശ്യപ്പെട്ടു സുനിയെഴുതിയ കത്തു വിഷ്ണു നൽകിയെന്നും അപ്പുണ്ണി സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജയിലിലെത്തി അന്വേഷണ സംഘം സുനിയെ ചോദ്യംചെയ്തിരുന്നു. സുനിയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വീണ്ടും അപ്പുണ്ണിയെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനൊരുങ്ങുന്നത്.
കഴിഞ്ഞ മാസം 25നാണ് ദിലീപിനെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ വീഡിയോ കോണ്ഫറൻസിംഗ് മുഖേനയായിരുന്നു അങ്കമാലി കോടതി കഴിഞ്ഞ തവണ നടപടികൾ സ്വീകരിച്ചത്. ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണയും ഈ മാർഗം സ്വീകരിക്കുമോയെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. ദിലീപിനെ മുൻപ് കോടതിയിൽ ഹാജരാക്കിയപ്പോൾ നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടം കോടതി പരിസരത്തു തടിച്ചു കൂടിയിരുന്നു.
കൂടാതെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ദിലീപിനെ തിരെ പ്രതിഷേധമുണ്ടായതിനൊപ്പം ദിലീപിനായി അനുകൂല തരംഗമുണ്ടാക്കാനായും ശ്രമങ്ങളുണ്ടായി. ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ അങ്കമാലി കോടതിയിൽ ഹാജരാക്കുന്പോൾ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ പരിഗണിച്ചു വീഡിയോ കോണ്ഫറൻസിംഗ് സൗകര്യം അനുവദിക്കണമെന്നു പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. ദിലീപിനെ നാളെ കോടതിയിൽ ഹാജരാക്കുന്നതു സംബന്ധിച്ചുള്ള നിർദേശങ്ങളൊന്നും ജയിൽ അധികൃതർക്കു ലഭിച്ചിട്ടില്ല.