ബിജു ഇത്തിത്തറ
കടുത്തുരുത്തി: നിലംപൊത്താറായ വീട്ടിൽ ചെറുപ്പത്തിലേ പോളിയോ ബാധിച്ചതിനെ തുടർന്ന് കട്ടിലിൽ തന്നെ കഴിയുന്ന 43കാരനായ മകനുമായി സർക്കാരിന്റെ കാരൂണ്യം കാത്തു രോഗികളായ മാതാപിതാക്കൾ. ഇവർക്ക് ലഭിക്കേണ്ട സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ അധികാരികൾ നിഷേധിക്കുകയാണെന്നു പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാർഡിലെ മങ്ങാട് ബ്രാഹ്മണവേലിൽ ദാമോദരനും (68), ഭാര്യ കൗസല്യയും (63) പോളിയോ ബധിച്ച് മകൻ സനു (43) വിനുമാണ് പെൻഷനടക്കമുളള സർക്കാർ സഹായങ്ങൾ നിഷേധിച്ചിരിക്കുന്നത്.
ആനുകൂല്ല്യങ്ങൾ ലഭിക്കത്തതിനാൽ ഇവരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. അറുപത്തിയഞ്ച് വയസ് കഴിഞ്ഞ ദാമോദരനും കൗസല്യയും പലതവണ വാർദ്ധക്യ കാല പെൻഷന് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഇവരുടെ മകൻ സനുവിന് അഞ്ചാം വയസിൽ പോളിയോ ബാധിച്ചു ശരീരം തളർന്നതാണ്.
കട്ടിലിൽ തന്നെ കഴിയുന്ന സനുവിന് പരസഹായമില്ലാതെ അനങ്ങുവാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രായമായ മാതാപിതാക്കളാണ് സനുവിനെ ശുശ്രുഷിക്കുന്നത്. വർഷങ്ങൾക്ക് മുന്പ് പഞ്ചായത്ത് അംഗപരിമിതർക്കുളള സർക്കാർ സഹായ പദ്ധതിയായ ആശ്രയയിൽ ഉൾപെടുത്തി ഭക്ഷണത്തിനും മരുന്നിനുമുളള ധനസഹായം നൽകിയിരുന്നു. എന്നാൽ മാസങ്ങളായി ഇതും നിലച്ചിരിക്കുകയാണ്.
ധനസഹായം ലഭിക്കാതായതേടെ പഞ്ചായത്ത് അധിക്യതരെ സമീപിച്ചെങ്കിലും ആശ്രയ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് അധികൃതർ മറുപടി നൽകിയതെന്നും ദാമോദരൻ പറയുന്നു. എന്നാൽ ധനസഹായ ലഭിക്കുന്നതിന് തടസമെന്താണെന്ന് അധികൃതർ പറയുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. ദാമോദരൻ ബാർബർ ഷോപ്പിൽ പണി ചെയ്തു കിട്ടിയിരുന്ന പണമായിരുന്നു ഇവരുടെ കുടുംബത്തിന്റെ ഏകവരുമാനം.
കൈകൾക്ക് വിറയൽ ബാധിച്ചതോടെ ഇദ്ദേഹത്തിന് ജോലി ചെയ്യുവാൻ കഴിയാത്ത സ്ഥിതിയാണ്. ദാമോദരന്റെ ഭാര്യ കൗസല്യ സമീപത്തെ വീടുകളിൽ പണിയെടുത്തായിരുന്നു പിന്നീട് ഇവർ നിത്യച്ചെലവിനുളള വക കണ്ടെത്തിയിരുന്നത്. കാലിന്റെ ഞരന്പുകളിലേക്കുളള രക്തയോട്ടം നിലച്ചു നടക്കുവാൻ കഴിയാതെ വന്നതോടെ കൗസല്ല്യക്കും പണിയെടുക്കുവാൻ കഴിയാതായി. ഇതോടെ ഇവരുടെ കുടുബം പട്ടിണിയിലാണ്. അയൽവാസികളുടെ കരുണ്യത്തിലാണ് ഇവർ കഴിഞ്ഞു കൂടുന്നത്. ഇടിഞ്ഞ് പൊളിഞ്ഞു നിലം പൊത്തറായ വീട്ടിൽ അധികൃതരുടെ കാരുണ്യവും പ്രതീക്ഷിച്ച് കഴിയുകയാണ് മൂവരും.