വൈപ്പിൻ : പതിനാറുകാരിയായ ബാലിക പ്രസവിച്ച സംഭവത്തിൽ വൈപ്പിൻ -ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പാപ്പി ബോട്ടിലെ മുൻ ജീവനക്കാരനും ഫോർട്ട് കൊച്ചി സ്വദേശിയുമായ യുവാവിനെ പോലീസ് തെരയുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാലികയുടെ പിതാവിന്റെ മൊഴിപ്രകാരം ഞാറക്കൽ പോലീസാണ് കേസെടുത്തിട്ടുള്ളത്.
രണ്ട് മാസങ്ങൾക്ക് മുന്‍പാണ് ബാലിക പ്രസവിച്ചത്. ആശുപത്രിയിൽ വയസ് തിരുത്തി 20 എന്ന് പറഞ്ഞാണത്രേ പ്രസവത്തിനായി പ്രവേശിച്ചത്. കേസെടുത്തതിനെതുടർന്ന് പോലീസ് ബാലികയേയും കുഞ്ഞിനെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ഫോർട്ട് കൊച്ചി സ്വദേശിയായ പ്രതി നേരത്തെ ബോട്ട് സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ഇപ്പോൾ പതിനേഴ് വയസായി. ഞാറക്കൽ സിഐ കെ. ഉല്ലാസാണ് കേസന്വേഷിക്കുന്നത്. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.