മംഗലംഡാം: ഗുരുവും ശിഷ്യയുമായി മൂന്ന്തലമുറയിലെ അധ്യാപകർ ഒരു സ്കൂളിൽ . മംഗലംഡാം ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂളിനാണ് ഈ ഭാഗ്യം.മൂന്ന് തലമുറയിലെ മൂന്ന് പേരും കണക്ക് അധ്യാപകരാണെന്നതും അപൂർവ ഗുരുശിഷ്യബന്ധം ശ്രദ്ധേയമാക്കുന്നു. സ്കൂളിൽ യു.പി.വിഭാഗത്തിൽ കണക്ക് പഠിപ്പിക്കുന്ന ഇ.സി.ലിസി ടീച്ചറാണ് ഇതിലെ സീനിയർ ഗുരു.
ലിസി ടീച്ചറുടെ ശിഷ്യയായിരുന്നു ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപികയായ അനിമോൾ. അനിമോൾ ടീച്ചറുടെ പ്രിയ ശിഷ്യ സാൽവിയയാണ് ഈ അധ്യായന വർഷം ഹൈസ്കൂൾ വിഭാഗത്തിൽ തന്നെ ഗുരുവിനൊപ്പം കണക്ക് അധ്യാപികയായി എത്തിയിട്ടുള്ളത്.
കണ്ടു മുട്ടുന്പോൾ ഇവർ പരസ്പരം ടീച്ചർ എന്നാണ് വിളിക്കുന്നതെങ്കിലും ഇവരുടെ ഗുരുശിഷ്യബന്ധം വളരെ ആഴമേറിയതാണ്.വളരെ ആദരവോടെയാണ് ശിഷ്യയായ അനിമോൾ ടീച്ചർ തന്നോട് പെരുമാറുകയെന്ന് 37 വർഷത്തെ സേവനത്തിനു ശേഷം ഈ വർഷം വിരമിക്കുന്ന ലിസി ടീച്ചർ പറയുന്നു. അനിമോൾ ടീച്ചറും സാൽവിയ ടീച്ചറെക്കുറിച്ച് പറയുന്നതും ഇതേ വാക്കുകളാണ്.
പുതിയ തലമുറക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ടി ടി സി പഠനം കഴിഞ്ഞ് പതിനെട്ടാമത്തെ വയസിൽ അധ്യാപക ജോലി ആരംഭിച്ചതാണ് ലിസി ടീച്ചർ.ജോലിക്കെത്തി ആദ്യ ബാച്ചിലെ തന്നെ സ്റ്റുഡന്റായിരുന്നു അനിമോൾ.
പീനത്തിലും അച്ചടക്കത്തിലും അനുസരണയുള്ള വിദ്യാർത്ഥിനി.അനിമോൾ ടീച്ചറുടെ വിദ്യാർത്ഥി കാലഘട്ടത്തെക്കുറിച്ച് ലിസി ടീച്ചർ ഓർക്കുന്നത് അങ്ങനെയാണ്. അടിച്ച് പഠിപ്പിക്കുന്നതിലുപരി അറിഞ്ഞു പഠിപ്പിക്കുക എന്ന ശിഷ്യത്വരീതിയാണ് അന്നും ഇന്നും ലിസി ടീച്ചർ പിന്തുടരുന്നത്.ഇതുകൊണ്ടു് തന്നെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന വലിയ ശിഷ്യ സന്പത്തും ടീച്ചർക്കുണ്ട്.
സാൽവിയ ടീച്ചറുടെ ഗുണ വിശേഷങ്ങൾ പറയുന്പോൾ അനിമോൾ ടീച്ചറും വാചാലയാകും.ശിഷ്യയുടെ ഉയർച്ചയിൽ ഏറെ അഭിമാനമുണ്ട് അനിമോൾ ടീച്ചർക്കും. അപൂർവ അധ്യാപക സംഗമം വലിയ ദൈവാനുഗ്രഹമാണെന്നാണ് പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിനും പ്രധാനാധ്യാപിക സിസ്റ്റർ ആൽഫി തെരേസും പറയുന്നത് .