നെടുമ്പാശേരി: ജെറ്റ് എയർവേസ് ആംസ്റ്റർഡാം, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര നെറ്റ്വർക്കിൽനിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്കാണ് ഇളവുകൾ ലഭിക്കുക.
ഇക്കണോമി ക്ലാസിൽ വൺ സ്റ്റോപ്പ് റിട്ടേൺ നിരക്ക് 39,990 രൂപയും പ്രീമിയം ക്ലാസിൽ 99,990 രൂപയുമാണ്. ജെറ്റ് എയർവേസിന്റെ എല്ലാ ആഭ്യന്തര നെറ്റ്വർക്കിൽനിന്നും ആംസ്റ്റർഡാം, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ഈ നിരക്ക് ലഭ്യമാകും.
എയർലൈനിന്റെ പുതിയ നോൺ സ്റ്റോപ്പ് സർവീസുകൾക്കും പരിമിത സമയത്തേക്കുള്ള ഈ ഓഫർ ലഭ്യമാണ്. ഒക്ടോബർ 29 മുതലുള്ള ചെന്നൈ-പാരീസ്, ബംഗളൂരു – ആംസ്റ്റർഡാം, മുംബൈ – ലണ്ടൻ – ഹീത്രൂ എന്നിവയ്ക്കെല്ലാം ബാധകമാണ്. ആഭ്യന്തര നെറ്റ്വർക്കിൽ എവിടെ നിന്നായാലും മാറ്റമുണ്ടാകില്ല.
രാജ്യത്തെ ഏതു പോയിന്റിൽനിന്നും ആംസ്റ്റർഡാം, പാരീസ് എന്നിവിടങ്ങളിലേക്ക് ഒരേ നിരക്കിൽ യാത്ര ചെയ്യാവുന്ന അവസരമാണ് ലഭിക്കുന്നത്. ദക്ഷിണേന്ത്യയിൽനിന്ന് നേരിട്ട് രണ്ടു നോൺ സ്റ്റോപ്പ് വിമാനങ്ങൾ ഉൾപ്പെടുത്തിയതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും യാത്രാസൗകര്യമൊരുക്കുന്ന ഏക എയർലൈനായിരിക്കുകയാണ് ജെറ്റ് എയർവേസ്.