ഗാന്ധിനഗർ: പാസില്ലാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കയറാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെയും പോലീസിനെയും ആക്രമിച്ച യുവാവ് പിടിയിൽ. കുടയംപടി ചിറ്റക്കാട്ട് ഭാഗം കുളത്തുംകരയിൽ സുരൻ(24) ആണ് പിടയിലായത്. ഇന്നു രാവിലെ ഏഴിന് മെഡിക്കൽ കോളജ് വാർഡിനുള്ളിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തുക്കളെ കാണാൻ എത്തിയ സുരൻ പാസില്ലാതെ അകത്തു കയറാൻ ശ്രമിച്ചത് സെക്യൂരിറ്റി തടയുകയായിരുന്നു.
സെക്യൂരിറ്റിയെ തള്ളിമാറ്റി അകത്തുകടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് സിപിഒ മുഹമ്മദ് ഷഫീനെത്തി പിടികൂടി എയ്ഡ് പോസ്റ്റിൽ കൊണ്ടുവന്നു. പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നതിനിടയിൽ സുരൻ മുഹമ്മദിനെയും മർദിക്കുകയായിരുന്നു. മൽപിടുത്തിനിടയിൽ ഇറങ്ങി ഓടിയ സുരൻ അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ മുറിക്കുള്ളിലെ ബാത്ത്റൂമിൽ കയറി വെന്റിലേഷൻ വഴി പുറത്തേക്ക് ചാടാൻ ശ്രമിച്ചു.
ഈ സമയം പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് സുരനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ജിപ്പിൽ നിയന്ത്രണം വിട്ടു ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയാതിരുന്നു സുരൻ.