തളിപ്പറമ്പ്: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസില്‍ നിന്നും സൈക്കിളിലെത്തിയ രണ്ടംഗസംഘം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും ഉള്‍പ്പെടെ അരലക്ഷംരൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ദേശീയപാതയോരത്ത് ബക്കളം ജംഗ്ഷനില്‍ നിര്‍ത്തിയിട്ട മേഘ്ദൂത് കമ്പനിയുടെ ബസിലാണ് കവര്‍ച്ച നടന്നത്.ഇന്നലെ ഉച്ചക്കാണ് മോഷണം നടന്നത് അറിഞ്ഞത്. ട്രിപ്പ് കഴിഞ്ഞ് ഞായറാഴ്ച്ച രാത്രിയിലാണ് ബസ് ഇവിടെ പാര്‍ക്ക് ചെയ്തത്.
ബസ് മേഘ്ദൂത് ട്രാവല്‍സ് മാനേജര്‍ പി.രജീന്ദ്രന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓരോന്നിനും 9000 രൂപയോളം വിലവരുന്ന രണ്ട് ആംപ്ലിഫയര്‍, മ്യൂസിക് സിസ്റ്റം, അലങ്കാര ലൈറ്റുകള്‍ എന്നിവയൊക്കെ മോഷ്ടാക്കള്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. ഇന്നലെ ഉച്ചക്ക് മറ്റൊരു ട്രിപ്പിനായി ജീവനക്കാര്‍ വാഹനമെടുക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍ പെട്ടത്.
തൊട്ടടുത്ത ബേക്കറിയുടെ സിസിടിവി കാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.30 ന് സൈക്കിളില്‍ എത്തിയ മോഷ്ടാക്കള്‍ 1.30 ന് മോഷണം നടത്തിയ വസ്തുക്കളുമായി തിരിച്ചു പോകുന്ന രംഗങ്ങള്‍ വ്യക്തമായി സിസിടിവിയിലുണ്ട്.
കെട്ടുകളാക്കിയാണ് മോഷണമുതലുമായി ഇരുവരും തളിപ്പറമ്പ് ഭാഗത്തേക്ക് തിരിച്ചുപോയത്. മുമ്പും സമാന രീതിയില്‍ കവര്‍ച്ച നടന്നതിനാലാണ് ബസ് പാര്‍ക്ക് ചെയ്യുന്നതിന് സമീപം സിസിടിവി കാമറ സ്ഥാപിച്ചത്. എട്ടോളം ബസുകള്‍ ഈ സമയം ഇവിടെ പാര്‍ക്ക് ചെയ്തിരുന്നുവെങ്കിലും കെഎല്‍ എട്ട്-ബിജി-4334 ബസില്‍ മാത്രമാണ് കവര്‍ച്ച നടന്നത്.
തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ പി.എ.ബിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ വലയിലായതായും സൂചനകളുണ്ട്. സമാനരീതിയില്‍ അടുത്തകാലത്ത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ നാലോളം കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്.