കോട്ടയം: എഎസ്ഐയുടെ തൊപ്പി വച്ച് ഫോട്ടോ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പോലീസിന്റെ ചിഹ്നം ദുരുപയോഗം ചെയ്തതിനാണ് കേസ്. ഈ കേസിൽ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യും.
ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. കുമരകത്ത് വള്ളംകളിയുടെ പരിശീലന തുഴച്ചിൽ നടക്കുന്ന സ്ഥലത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ കുമരകം തൈപറമ്പിൽ മിഥുൻ (അമ്പിളി -23) ആണ് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ വച്ച് എഎസ്ഐയുടെ തൊപ്പി വച്ച് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ കോട്ടയം ഡിവൈഎസ്പിക്ക് ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ നിർദേശം നല്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഈസ്റ്റ് സ്റ്റേഷനിലെ ഒരു എഎസ്ഐയുടെ തൊപ്പിയാണ് പ്രതി തലയിൽ വച്ചതെന്ന് വ്യക്തമായി. എഎസ്ഐക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
അറസ്റ്റിലായ അമ്പിളിയെ തിങ്കളാഴ്ച രാവിലെയാണ് ഈസ്റ്റ് സിഐ സാജു വർഗീസ് അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. വൈകുന്നേരം അഞ്ചു മണിക്കു ശേഷമാണ് സ്റ്റേഷനിൽ നിന്ന് ജാമ്യം നല്കി ഇയാളെ വിട്ടയച്ചത്. അതിനു ശേഷമാണ് ചിത്രം പ്രചരിച്ചത്.
ഒരു വർഷം മുൻപ് ചെട്ടികുളങ്ങര സ്റ്റേഷനിലും സമാനമായ സംഭവമുണ്ടായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ ആൾ സ്റ്റേഷനിൽ വച്ച് പോലീസിന്റെ തൊപ്പി വച്ച് സെൽഫിയെടുത്ത് പ്രചരിപ്പിച്ചു. അന്ന് തൊപ്പിയുടെ ഉടമയായ പോലീസുകാരനെതിരേ നടപടി സ്വീകരിച്ചിരുന്നു.