വടകര : കെഎസ്ഇബിയുടെ അനാസ്ഥ കാരണം വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും അപകട ഭീഷണി. സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ ഗേറ്റിന് സമീപത്തെ ട്രാൻസ്ഫോമർ അത്യാഹിതം സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
സ്കൂൾഗേറ്റിന് ഏതാനും മീറ്റർ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ റോഡിൽനിന്നും ഒരടി പോലും ദൂരെയല്ല. തിരക്കേറിയ ഈ റോഡിൽ രാവിലെയും വൈകിട്ടും വാഹനസ്തംഭനം പതിവാണ്. വിദ്യാർഥികൾ കൂട്ടമായി പോകുന്ന റോഡിൽ പലപ്പോഴും ട്രാൻസ്ഫോമറിനോട് തൊട്ടുതൊട്ടില്ല എന്നരീതിയിലാണ് കടന്നു പോകേണ്ടിവരുന്നത്. മറ്റ് വഴിയാത്രക്കാരുടെ സ്ഥിതിയും ഇതുതന്നെ.
ട്രാൻസ്ഫോമറിന് കന്പിവേലികെട്ടി സുരക്ഷിതമാക്കാനുള്ള ആവശ്യം സ്കൂൾ അധികൃതരും തദ്ദേശവാസികളും പലപ്രാവശ്യം കഐസ്ഇബി മുന്‍പാകെ ഉന്നയിച്ചെങ്കിലും ഒഴിവുകഴിവുകൾ പറയുകയാണ് ചെയ്യുന്നത്. ദുരന്തം വന്നുകഴിഞ്ഞാൽ മാത്രം കണ്ണുതുറക്കുന്ന രീതി ശരിയല്ലെന്നും ട്രാൻസ്ഫോമർ സുരക്ഷിതമായി നിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂൾ രക്ഷാകർതൃ കൗണ്‍സിൽ ആവശ്യപ്പെട്ടു.
പിടിഎ പ്രസിഡൻറ് എ.പി.ഹരീഷ് അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് വടയക്കണ്ടി നാരായണൻ, എംപിടിഎ പ്രസിഡൻറ് കെ.പി.ബിന്ദു, ഹെഡ്മിസ്ട്രസ് സിസ്റ്റർ രേഖ, കെ.പ്രദീപ്കുമാർ, വി.കെ.സീമ, മോളി ദേവസി, സിന്ധു ജോയി തുടങ്ങിയവർ സംസാരിച്ചു.