കുറ്റപ്പെടുത്തുന്നവര്‍ ഇതുകൂടി അറിയണം! ഗൂഗിള്‍ ജോലി നല്‍കിയെന്ന് വെളിപ്പെടുത്തിയ കൗമാരക്കാരന് മാനസികാസ്വാസ്ഥ്യം; എല്ലാം വരുത്തിവച്ചത് പ്രിന്‍സിപ്പാളിന്റെ നടപടിയെന്ന് കുട്ടിയുടെ പിതാവ്

ഗൂഗിളിന്റ കമ്പനിയില്‍ ആകര്‍ഷമായ, ഉയര്‍ന്ന ശമ്പളത്തോടെ ജോലി ലഭിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദനായകനായ ടീനേജ് യുവാവിന് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്. ചണ്ഡീഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചു എന്ന രീതിയില്‍ വ്യാജ ഫോണ്‍ വരികയായിരുന്നു. ഇത് കേട്ട ഹര്‍ഷിത് സ്‌കൂളിലെ പ്രിന്‍സിപ്പാളിനോട് കാര്യം പറയുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് പത്രപ്രസ്താവനയായി നല്‍കുകയും പിന്നീട് ഇന്ത്യയാകെ വാര്‍ത്തയാകുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഗൂഗിള്‍ തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് സഹപാഠികളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ഉണ്ടായ കളിയാക്കലുകള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് കുട്ടിയെ മാനസികാസ്വാസ്ഥ്യത്തിലേക്ക് എത്തിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ രണ്ടു പേരും അധ്യാപകരാണ്. ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ നടപടി ശരിയല്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പത്ര പ്രസ്താവന കൊടുക്കും മുമ്പ് മാതാപിതാക്കളായ ഞങ്ങളോടെങ്കിലും അന്വേഷിക്കണമായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഞാനും ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പാളാണ്. ഇക്കാരണത്താല്‍ തന്നെ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നന്നായി അറിയാമെന്നും അത് മകന്റെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ പാലിച്ചില്ലെന്നും ഹര്‍ഷിതിന്റെ പിതാവ് രജീന്തര്‍ കെ ശര്‍മ്മ ആരോപിച്ചു.

 

Related posts