ആലപ്പുഴ: 65-ാമത് നെഹ്റു ട്രോഫി ഏതു ചുണ്ടൻ വള്ളം നേടുമെന്നു പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജൂവലേഴ്സ് നൽകുന്ന 10,001 രൂപയുടെ പി.ടി. ചെറിയാൻ സ്മാരക കാഷ് അവാർഡ് നൽകും. എട്ടു രൂപയുടെ മത്സര പോസ്റ്റ് കാർഡിൽ തപാലിലൂടെ ലഭിക്കുന്ന എൻട്രികളേ പരിഗണിക്കൂ.
സാധാരണ പോസ്റ്റ് കാർഡിൽ ആറു രൂപയുടെ സ്റ്റാന്പ് ഒട്ടിച്ചും അയയ്ക്കാം. പ്രവചിക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ് നന്പർ എന്നിവ രേഖപ്പെടുത്തണം. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. കൂടുതൽ പേരുകൾ അയച്ചാൽ എൻട്രി തള്ളിക്കളയും.
അയയ്ക്കുന്ന പോസ്റ്റ് കാർഡിനു മുകളിൽ നെഹ്റു ട്രോഫി പ്രവചനമത്സരം 2017 എന്നെഴുതണം. 11നു വൈകിട്ട് അഞ്ചിനകം കണ്വീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ 688001 വിലാസത്തിൽ എൻട്രി ലഭ്യമാക്കണം. വിശദവിവരത്തിന് ഫോണ്: 0477 2251349.
പുതുചരിത്രമാവാൻ യുബിസി കൈനകരി
മങ്കൊന്പ്: യുബിസി കൈനകരി… എതിരാളികളുടെ നെഞ്ചിൽ ഭയം ജനിപ്പിക്കുന്ന നാമം. നെഹ്റു ട്രോഫിയുടെ ചരിത്രം തങ്ങളുടേയും കൂടെ ചരിത്രമാണെന്ന് അവകാശപ്പെടാവുന്നവർ. 65 വർഷത്ത നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ഒരു ഡസനോളം കിരീടനേട്ടങ്ങൾ പോരാടി നേടിയവർ. കൈക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലാക്കിയാണ് ഇത്തവണയും യുബിസി പുന്നമടയിലെ ജലമാമാങ്കത്തിനെത്തുന്നത്.
ജലരാജാക്കൻമാരിൽ യുവത്വം തുടിക്കുന്ന മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലാണ് ഇത്തവണ യുബിസിയുടെ അങ്കപ്പുറപ്പാട്. 1963 ൽ ഗിയർഗോസ് ചുണ്ടനിലായിരുന്നു പുന്നമടയിലെ യുബിസി യുടെ പടയോട്ടത്തിനു തുടക്കം കുറിച്ചത്. അതുവരെയുള്ള നെപ്പോളിയന്റെയും, കാവാലത്തിന്റെയും കുത്തക അവസാനിപ്പിച്ചത് ഹാട്രിക് നേട്ടത്തിലൂടെയായിരുന്നു. 68 ലും 70 ലും വരവറിയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ്ബ് 76, 79, വർഷങ്ങളിലും വിജയമാവർത്തിച്ചു.
89, 90, 91 വർഷങ്ങളിൽ വീണ്ടും ഹാട്രിക് നേട്ടവുമായി കൈക്കരുത്ത് തെളിയിച്ചു. ഇതിനിടെ യുബിസി യുടെ പിളർപ്പിനെത്തുടർന്നു രൂപംകൊണ്ട ക്ലബുകളും പുന്നമടയിൽ ചരിത്രമെഴുതി. പിന്നീടങ്ങോട്ട് കുമരകത്തിന്റെയും കൊല്ലത്തിന്റെയും ആധിപത്യമായിരുന്നു പുന്നമടയിൽ. ഈ കുത്തകയവസാനിപ്പിച്ചു കുട്ടനാടിന് കൈമോശം വന്ന് നെഹ്റു ട്രോഫി തിരിച്ചുപിടിക്കാൻ യുബിസി തന്നെ വേണ്ടിവന്നു.
2014 ൽ ജോർജ് തോമസിന്റെ ക്യാപ്റ്റൻസിയിൽ ചന്പക്കുളം പുത്തൻ ചുണ്ടനിലായിരുന്നു ഈ തിരിച്ചുവരവ്. ഇക്കൊല്ലത്തെ നെഹ്റു ട്രോഫിക്കായി കൈനകരിയാറ്റിൽ 20 ദിവസത്തെ കഠിന പരിശീലനമാണ് യുബിസി നടത്തുന്നത്. രാവിലെയും വൈകുന്നേരവും പരിശീലനത്തുഴച്ചിലുണ്ട്. കരയിലെ വ്യായാമമുറകൾ വേറെയും. പരിശീലന ദിവസങ്ങളിൽ പ്രത്യേകം തയാറാക്കിയ ക്യാന്പുകളിലാണ് കായികതാരങ്ങൾ.
നാൽപതു ലക്ഷം രൂപയോളം ഇതിനായി ചെലവു വരുന്നുണ്ട്. അൻപത്തിമൂന്നേകാൽ കോൽ നീളവും, 54 അംഗുലം വീതിയുമുള്ള ചുണ്ടനിൽ തുഴപ്പടയാളികളായി 91 പേരാണുള്ളത്. ലാലു ഒന്നാം തുഴയുമായി മുന്നിലുണ്ടാകും. അഞ്ച് അമരക്കാരിൽ ഒന്നാമനായി സൈജോപ്പനാണുള്ളത്. ഒൻപതു നിലകാർക്കൊപ്പം പടനയിക്കാൻ വക്കച്ചൻ തേവർകാടാണുള്ളത്.
സുനിൽ ജോസഫ് വഞ്ചിക്കലാണ് മഹാദേവികാട് കാട്ടിൽ തെക്കേതിന്റെ ക്യാപ്റ്റൻ. വള്ളത്തിൽ 105 പേരെ ഉള്ളെങ്കിലും കൈനകരിയിലെ അബാലവൃദ്ധം ജനങ്ങളുടെയും കരുത്ത് മഹാദേവികാട് ചുണ്ടനിൽ പ്രകടമാകും. 2015 ൽ കുട്ടനാടിന്റെ മാന്ത്രിക ശിൽപി ഉമാമഹേശ്വരന്റെ ഉളിത്തുന്പിൽ ഉയിരെടുത്ത ജലരാജാവ്.
നീരണിഞ്ഞ വർഷം മുതൽ നെഹ്റുട്രോഫിയുടെ കലാശപ്പോരാട്ടങ്ങളിൽ സജീവസാന്നിധ്യം. മുൻവർഷങ്ങളിലെ ഫൈനലുകളിൽ തുഴപ്പാടുകൾക്കു കൈവിട്ട നെഹ്റുട്രോഫി ഇത്തവണ നേടിയെടുക്കുമെന്ന വാശിയിലാണീ ജലനാഗമെത്തുന്നത്.