കൊച്ചി: കോളജ് വിദ്യാർഥിനിയുടെ വീടിനു മുന്നിൽ ജില്ലാ ശുചിത്വമിഷൻ നിർമിക്കുന്ന പൊതുശൗചാലയത്തിനെതിരേ പരാതി പറഞ്ഞതിന്റെ പേരിൽ വിദ്യാർഥിനിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഎസ് സി പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചുവെന്ന ആക്ഷേപത്തിൽ എസ്ഐക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. തൊടുപുഴ ന്യൂമാൻ കോളജിലെ ബിരുദ വിദ്യാർഥിനി മൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശിനി ചന്ദനാ മോഹൻ ഫയൽ ചെയ്ത പരാതിയിലാണു നടപടി.
വീടിനു മുന്നിലുള്ള രണ്ട് കിണറുകൾ മലിനപ്പെടുത്തി ശുചിത്വമിഷനും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പൊതുശൗചാലയം നിർമിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടറോടു കമ്മീഷൻ നിർദേശിച്ചു. കേസ് സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
വാർഡ് മെന്പറുടെയും വാർഡ് വികസന സമിതിയുടെയും എതിർപ്പ് മറികടന്നാണ് പൊതുശൗചാലയം നിർമിക്കുന്നതെന്നു പരാതിയിൽ പറയുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കം ചോദ്യം ചെയ്തതിന് പരാതിക്കാരിയേയും അമ്മയേയും പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തൃശൂർ വിവേകോദയം സ്കൂളിൽ പിഎസ് സി നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷ എഴുതണമെന്നു പറഞ്ഞിട്ടും വിട്ടയച്ചില്ല. ഒന്നരവർഷത്തെ കോച്ചിംഗിനു ശേഷമാണു പരീക്ഷയ്ക്കു അവസരം ലഭിച്ചത്. പരീക്ഷ എഴുതാൻ അനുവദിക്കാതെ സ്റ്റേഷനിൽ നിർത്തിയത് നിയമവിരുദ്ധമാണെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി.
.