ചങ്ങരംകുളം :വിവാഹ വസ്ത്രം തയ്ച്ചു നൽകാൻ വൈകിയതിനു തയ്യൽ കടയിൽ അതിക്രമം കാണിച്ചു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട മണവാളന്റെ സഹോദരനും ബന്ധുവും പുലിവാലു പിടിച്ചു. തയ്യൽ കടയിലെ വയനാട് സ്വദേശിയായ ജീവനക്കാരിയുടെ പരാതിയിലാണ് മണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു പെരുന്പടപ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞയാഴ്ചയിലാണ് പെരുന്പടപ്പ് സ്റ്റേഷൻ അതിർത്തിയിലെ പാറയിൽ കേസിനാസ്പദമായ സംഭവം നടന്നത്.
ടൈലറിങ്ങ് ഷോപ്പിൽ വിവാഹവസ്ത്രം തയ്ക്കാൻ നൽകിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം തയ്ച്ചു നൽകാതിരുന്നതാണ് പുതുമണവാളനു അരിശം മൂത്തത്. തുടർന്നു മറ്റു വസ്ത്രങ്ങൾ സംഘടിപ്പിച്ച് വിവാഹകർമങ്ങൾ പൂർത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധവും പെരുന്പടപ്പ് പാറയിലെ തയ്യൽ കടയിലെത്തി വാക്കേറ്റം നടത്തുകയും മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോവുകയുമായിരുന്നു.
രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നും അല്ലെങ്കിൽ തയ്യൽ കടയിൽ നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങൾ തിരിച്ചു നൽകില്ലെന്നും ഇവർ വാശിപിടിച്ചതോടെ സംഭവത്തിനു മറ്റൊരു ഭാവം രൂപപ്പെടുകയായിരുന്നു. തങ്ങളുടെ തയ്യൽ കടയിൽ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പെരുന്പടപ്പ് പോലീസിൽ പരാതി നൽകിയോടെ സംഭവം കൈവിട്ടു. പരാതിക്കാർ സ്റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങൾ പറഞ്ഞു തർക്കം തുടങ്ങിയതോടെ പെരുന്പടപ്പ് എസ്ഐ ഇരുവരോടും കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രശ്നം തീർപ്പാക്കാൻ രണ്ടു ലക്ഷം രൂപ തയ്യൽ കടക്കാർക്കു ഇങ്ങോട്ടു നൽകണമെന്നായതോടെ കാര്യങ്ങൾ പിന്നെയും കൈവിട്ടു പോകുകയായിരുന്നു.
അങ്ങനെ സംഭവത്തിലെ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസായി. തയ്യൽകടയിലെ ജീവനക്കാരി പരാതി പിൻവലിക്കാൻ തയാറാകാതിരുന്നതോടയൊണ് ജാമ്യം നൽകാൻ കഴിയാത്ത വകുപ്പ് ചേർത്തു സഹോദരനും ബന്ധുവിനുമെതിരേ പെരുന്പടപ്പ് പോലീസിനു കേസെടുക്കേണ്ടി വന്നത്. സംഭവം കേസായതോടെ രണ്ടു തവണ പോലീസ് ഇവരെ അന്വേഷിച്ചെത്തിയെങ്കിലും ഇവർ മുങ്ങിയിരിക്കുകയാണ്.