ലോകം മറ്റൊരു ലോകമഹായുദ്ധത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിയിരിക്കണമെന്ന സന്ദേശമാണ് ഇപ്പോള്‍ ലോകശക്തിയായ അമേരിക്കയും ഉത്തരകൊറിയയുമെല്ലാം നല്‍കുന്ന സൂചന. ഇത്രയും നാള്‍ കാണിച്ച അബദ്ധം ഇനി കാണിക്കില്ലെന്ന രീതിയിലുള്ള കടുത്ത മുന്നറിയിപ്പുകളാണ് അമേരിക്കയും ഉത്തരകൊറിയയും നല്‍കുന്നത്. പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തതിനാല്‍ ലോകം യുദ്ധത്തിലേയ്ക്ക് തന്നെയാണ് നീങ്ങുന്നതെന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഈയവസരത്തിലാണ് ഇനിയൊരു അണുബോംബ് ഭൂമിയില്‍ പതിച്ചാല്‍ സംഭവിക്കാന്‍ പോവുന്നതെന്തെല്ലാമാണെന്ന കാര്യം പ്രസക്തമാവുന്നത്.
ഭൂമിയില്‍ ഇനിയൊരു അണുബോബ് സ്ഫോടനമുണ്ടായാല്‍ കാലാവസ്ഥ തന്നെ മാറുമെന്നാണ് പുതിയ പഠനം. ഏതെങ്കിലും ഒരു രാജ്യത്തോ പ്രദേശത്തോ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതാകില്ല ആണവസ്ഫോടനം നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍. ആണവസ്ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന കറുത്ത ചാരം അന്തരീക്ഷ ഊഷ്മാവിനെ കുറക്കും. ഇത് ലോകത്തെ വരള്‍ച്ചയിലേക്കും ക്ഷാമത്തിലേക്കും ജീവികളുടെ കൂട്ടവംശനാശത്തിലേക്കും മനുഷ്യരടക്കമുള്ള ജീവവര്‍ഗത്തിന്റെ പരിപൂര്‍ണ്ണ നാശത്തിലേയ്ക്കും നയിക്കും.
ലോകത്തെ അഞ്ച് മഹാശക്തികളുടെ കൈവശമുള്ള 19 തരം അണ്വായുധങ്ങള്‍ ഉപയോഗിച്ച് നെബ്രാസ്‌ക ലിങ്കണ്‍ സര്‍വ്വകലാശാലയാണ് ഈ പഠനങ്ങളൊക്കെയും നടത്തിയത്. റഷ്യ, അമേരിക്ക, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അണ്വായുധങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ ചില ബോംബുകള്‍ ഭൂമിയെ തിരിച്ചുവരവില്ലാത്തവിധം മാറ്റുമെന്നാണ് ഗവേഷകര്‍ അറയിക്കുന്നത്. ചൈനയുടെ പക്കലുള്ള അഞ്ച് മെഗാടണ്ണിന്റെ ഒരൊറ്റ അണുബോംബ് മതി ഭൂമിയുടെ തന്നെ താളം തെറ്റിക്കാനെന്നും ഗവേഷണത്തില്‍ ഇവര്‍ കണ്ടെത്തുകയുണ്ടായി.
1300 കിലോമീറ്റര്‍ വിസ്തൃതിയില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള ഒരു ബോംബ് കുറഞ്ഞത് 50 ലക്ഷം ടണ്‍ ചാരം അന്തരീക്ഷത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. ഇത് എളുപ്പത്തില്‍ ഭൂമിയിലേക്ക് തിരിച്ചെത്തില്ല. സൂര്യപ്രകാശം തടയുന്നതുവഴി അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ് കാലാവസ്ഥയുടെ താളം തെറ്റുന്നതിനാണ് വഴിവയ്ക്കുന്നത്. ഇതിലൂടെ മഴ കുറയുകയും ഭൂമി കൊടിയ വരള്‍ച്ചയിലേയ്ക്ക് നീങ്ങുകയുമാണ് ചെയ്യുക. കൂടാതെ ഇവ മൂലം കൃഷിയും തകരാറിലാവും. കുറഞ്ഞത് അഞ്ച് വര്‍ഷത്തേയ്‌ക്കെങ്കിലും കൃഷി താറുമാറാവും. മനുഷ്യന്റെ മാത്രമല്ല, ലോകത്തിലെ എല്ലാ ജീവി വര്‍ഗങ്ങളുടെയും കാര്യം വളരെ പരിതാപകരമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.