മമ്മൂട്ടിയ്ക്ക് ഒടുക്കത്തെ ജാഡയാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. അതേസമയം മമ്മൂട്ടി ഒട്ടും ജാഡക്കാരനല്ലെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളും സിനിമാ മേഖലയില്‍ നിന്നടക്കമുള്ള നിരവധിയാളുകള്‍ നടത്തിയിട്ടുണ്ട്. താരജാഡ ലെവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി എന്ന് തെളിയിക്കുന്ന ഒരു പഴയകാല സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 1989 ല്‍ വി.കെ പവിത്രന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഉത്തരത്തിന്റ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഗ്രാമപ്രദേശത്തായിരുന്നു ചിത്രീകരണം.
കരിമ്പിന്‍തോട്ടവും കുന്നുകളും നിറഞ്ഞ ഷൂട്ടിംഗ് ലോക്കേഷന്റെ പരിസരത്ത് ആകെയുള്ളത് കുന്നിന് മുകളിലെ ഒരു വീട് മാത്രം. അതിരാവിലെ ഷൂട്ടിംഗിനായി ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്ക് ഒരു ചായ കുടിക്കാന്‍ തോന്നി. മമ്മൂട്ടിക്ക് മേക്കപ്പിട്ടുകൊണ്ടിരുന്ന പട്ടണം റഷീദിനോട് ഒരു ചായ കിട്ടിയാല്‍ തരക്കേടില്ലായിരുന്നെന്ന ആഗ്രവും മമ്മൂട്ടി പ്രകടിപ്പിച്ചു. താരത്തിന് ഒരു ചായ നല്കാന് റഷീദ് പരമാവധി ശ്രമിച്ചു. ലൊക്കേഷനില്‍ ചായ നല്കുന്ന പ്രൊഡക്ഷന്‍ ബോയ്സ് ആരും തന്നെ ലൊക്കേഷനില്‍ എത്തിയതുമില്ല. ഇതേസമയം കുന്നിന് മുകളിലെ വീടിന്റെ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങിയ സ്ത്രീ ഞെട്ടി. ദാ മുമ്പില്‍ നില്ക്കുന്നു സാക്ഷാല്‍ മമ്മൂട്ടി. സ്ത്രീയെ കണ്ടതും മമ്മൂട്ടി ചോദിച്ചു ഒരു കട്ടന്‍ ചായ കിട്ടുമോ? നിമിഷങ്ങള്‍ക്കുള്ളില്‍ സ്ത്രീ ചായയുമായി വന്നു. ചായ കുടിച്ച് കഴിഞ്ഞതും ആ സ്ത്രീ പട്ടണം റഷീദിനോട് പറഞ്ഞു. ഞാന്‍ ഇന്നലെക്കൂടി മമ്മൂട്ടിക്ക് ചായ നല്‍കുന്നതായി സ്വപ്നം കണ്ടു. ഇതുകേട്ട മമ്മൂട്ടിയും റഷീദും ശരിക്കും ഒന്ന് അമ്പരന്നു.