റിയാസ് കുട്ടമശേരി
ആലുവ: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തെ തുടർന്ന് തയാറാക്കുന്ന അനുബന്ധ കുറ്റപത്രത്തിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണസംഘം. സംഭവവുമായി ബന്ധപ്പെട്ടു താരസംഘടനയായ അമ്മ എറണാകുളം ദർബാർഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രമുഖ നടിയും ദിലീപിന്റെ ഭാര്യയുമായിരുന്ന മഞ്ജു വാര്യർ നടത്തിയ പ്രസംഗം നിർണായക തെളിവായി കുറ്റപത്രത്തിൽ ചേർക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി മഞ്ജു ഗൂഢാലോചനാരോപണം നടത്തിയ അന്നത്തെ പ്രസംഗത്തിന്റെ വീഡിയോക്ലിപ്പിംഗുകൾ ദൃശ്യമാധ്യമങ്ങളിൽനിന്നും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.
നടിക്കുനേരെ ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെയാണ് കൊച്ചിയിൽ താരങ്ങൾ പ്രതിഷേധവുമായി സംഘടിച്ചത്. ദിലീപ് അടക്കമുള്ള മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും പങ്കെടുത്ത ഈ പ്രതിഷേധയോഗത്തിൽ മഞ്ജുവാര്യരാണ് സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത്. ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ഗൂഢാലോചനാരോപണം അമ്മയിലെ മറ്റു അംഗങ്ങളാരും മുഖവിലയ്ക്കെടുത്തിരുന്നില്ല. പക്ഷേ കേസിൽ ദിലീപ് അറസ്റ്റിലായതോടെ പോലീസിന് ഇത് നിർണായക തെളിവുകളിലൊന്നായിത്തീർന്നു. മഞ്ജു മൊഴിനൽകാൻ സഹകരിച്ചില്ലെങ്കിലും അന്നത്തെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ തുടക്കത്തിൽതന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആക്രമണത്തിനിരയായ നടിയുമായുള്ള ദിലീപിന്റെ ശത്രുത സിനിമാലോകത്തും പാട്ടായിരുന്നു. മലയാളസിനിമയെ കൈപ്പിടിയിലൊതുക്കിയ ദിലീപിനെതിരെ ആരും പ്രതികരിക്കാനും കൂട്ടാക്കിയില്ല. പോലീസ് 13 മണിക്കൂർ ചോദ്യംചെയ്തു വിട്ടയച്ച ദിലീപിന് പിറ്റേദിവസം നടന്ന അമ്മയുടെ യോഗത്തിൽ പിന്തുണയാണ് ലഭിച്ചത്. എന്നാൽ നടിയുമായും ദിലീപുമായും അടുത്തബന്ധമുണ്ടായിരുന്ന മഞ്ജുവാര്യരുടെ പരസ്യമായ ഗൂഢാലോചനാരോപണം ശരിയാണെന്ന് തെളിയിക്കുന്ന രീതിയിലാണ് ഈ കേസന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. പ്രസംഗത്തിന്റെ പൂർണരൂപം കേട്ടശേഷം മഞ്ജുവിൽനിന്നും വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അന്നത്തെ യോഗത്തിൽ പങ്കെടുത്ത ദിലീപിന്റെ ഭാവപ്രകടനങ്ങൾ ദൃശ്യങ്ങളിൽനിന്നും കൂടുതൽ തിരിച്ചറിയാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.