എടത്വ: സമൂഹത്തിലെ അക്രമത്തിനും അനീതികൾക്കുമെതിരെ കഥയിലൂടെയും കവിതയിലൂടെയും പ്രതികരിച്ച് ഒരു ഓട്ടോ ഡ്രൈവർ. ഡ്രൈവർ. ജെ.റ്റി. മരിയാപുരം എന്ന ചുരുക്കപേരിലറിയപെടുന്ന മരിയാപുരം തോട്ടുകടവിൽ ജോസഫ്കുട്ടിയാണ് ഈ വ്യത്യസ്തനായ ഓട്ടോ ഡ്രൈവർ.
എടത്വ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഹല്ലേലൂയ എന്ന തന്റെ ഓട്ടോറിക്ഷായിൽ ഇരുന്ന് ജോസഫ്കുട്ടി പാടുന്ന രസകരമായ പാട്ടുകൾ സുഹൃത്തുകൾ മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിലും, വാട്സ്അപ്പിലും, യൂടൂബിലും ഇട്ടതോടെ പല കവിതകളും അധികൃതരുടെ ശ്രദ്ധയിൽപെടുകയും പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ജനപ്രതിനിധികൾക്ക് തലവേദനയായിരിക്കുന്ന റേഷൻ കാർഡ് മുൻഗണന സംബന്ധിച്ചുള്ള കവിതയാണ് ഹിറ്റായിരിക്കുന്നത്. ’അന്തിക്കുരിയരി വാങ്ങാനായി ഓടിനടക്കുന്നവർ എപിഎൽ പുഞ്ചപാടവും വണ്ടികളും കൈമുതലുള്ള അച്ചായൻമാരും ലണ്ടനിൽ വാഴും അമ്മച്ചിയും ബിപിഎൽ എന്നിങ്ങനെ ആക്ഷേപത്തിലൂടെ എപിഎൽ, ബിപിഎൽ വ്യത്യാസം കവിതയിലൂടെ ജോസഫ് കുട്ടി വരച്ചുകാട്ടുന്നു.
നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ അപകടഭീഷണിയായ തെരുവ് നായ ശല്യം സംബന്ധിച്ച് എഴുതിയ കവിതയ്ക്കും സോഷ്യൽ മീഡിയായിൽ വൻ പ്രചാരമാണ് ലഭിച്ചത്. കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അന്പലപ്പുഴ-തിരുവല്ലാ റോഡ് തകർന്നപ്പോൾ സുഹൃത്തുകളായ ഓട്ടോ റിക്ഷാ തൊഴിലാളികളേയും കൂട്ടി റോഡിൽ രൂപപ്പെട്ട വൻ കുഴിയിലിറങ്ങി നിന്ന് തന്റെ കവിത വഞ്ചിപാട്ടാക്കി പാടി ജോസഫുകുട്ടിയുടെ നേതൃത്വത്തിൽ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കുട്ടനാട്ടിലെ കുടിവെള്ള സംബന്ധമായി ഒരു ചാനലിനുവേണ്ടി സീരിയലിന് തിരകഥയെഴുതുന്ന തിരക്കിലാണ് ഇപ്പോൾ ജെ.റ്റി. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ എഴുതി തുടങ്ങിയ ജോസഫുകുട്ടി കവിതകൾ, ഏകാങ്കനാടകങ്ങൾ, കരോൾ ഗാനങ്ങൾ, ഭജന ഗാനങ്ങൾ, ഓണപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, ഭക്തി ഗാനങ്ങൾ, നാടക ഗാനങ്ങൾ, രാഷ്ട്രീയ ഗാനങ്ങൾ തുടങ്ങി നൂറ് കണക്കിന് രചനകളാണ് ഇതിനോടകം നടത്തിയിട്ടുളളത്.
തെരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയ ഗാനങ്ങൾ എഴുതാനായി കക്ഷിരാഷ്ട്രിയ ഭേദമന്യേ ആളുകൾ ജെ.റ്റിയെ സമീപിക്കാറുണ്ട്. ഭാര്യ. ജോളി, മക്കൾ. ജെമിനി, ജെറി. മരുമകൻ. ജോപ്പൻ. കൊച്ചുമക്കൾ. ജ്യൂവൽ, ജെസ്സ്. സമൂഹത്തിലെ അനീതികൾക്കും അക്രമത്തിനുമെതിരായി ഒറ്റക്ക് പ്രതികരിക്കാൻ പറ്റാത്ത ഇന്നത്തെ സാഹചര്യത്തിൽ കവിതയിലൂടെ താൻ നടത്തുന്ന ഒറ്റയാൾ പോരാട്ടം കൊണ്ട് ജനങ്ങൾക്ക് ചെറുതല്ലാത്ത ഗുണമുണ്ടാകുന്നുവെന്നതാണ് ജെ.റ്റിക്ക് ഏറെ സംതൃപ്തി നൽകുന്നത്.