പാലക്കാട്: ഒരാഴ്ച്ചയായി നാട്ടിൽ വിലസുന്ന മൂന്നംഗ കാട്ടാനക്കൂട്ടം കാട്ടിലേക്കു തിരിച്ചു പ്രയാണം തുടങ്ങി. തൃശൂരിലെ കുത്താന്പുള്ളിയിലെ ഭാരതപ്പുഴയോരത്തു രണ്ടു ദിവസമായി കളിച്ചു തിമിർത്ത ശേഷമാണ് ആനകളുടെ മടക്കം. ഇന്നു രാവിലെ മങ്കര റെയിൽവേ സ്റ്റേഷനു സമീപം പുഴയോടു ചേർന്ന പ്രദേശത്താണ് ആനകൾ നില്ക്കുന്നത്.
കുറച്ചു ദിവസങ്ങളായി മുണ്ടൂർ ഭാഗത്ത് വിലസുന്ന കാട്ടാനകൾ വെള്ളിയാഴ്ച ദേശീയപാതയോരം വരെയെത്തിയിരുന്നു. മാങ്കുറുശ്ശിയിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ എത്തിയ രണ്ട് കാട്ടാനകൾ ചൊവ്വാഴ്ച്ച രാവിലെ പെരിങ്ങോട്ടുകുറുശി, കോട്ടായി ഭാഗത്തെത്തി. ബമ്മണ്ണൂർ സ്കൂളിന്റെ പിന്നിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തും ഇവയെത്തി. വീടുകളുടെ ഗേറ്റ് തള്ളിത്തുറന്നു മുറ്റത്തുകൂടെ നടന്ന ആനകൾ പക്ഷെ ആരെയും ഉപദ്രവിച്ചില്ല. കാര്യമായ കൃഷിനാശവും വരുത്തിയില്ല.
നൂറ്റിയിരുപതോളം വനപാലകരും വൻ പോലീസ് സന്നാഹവും ഇവയെ തുരത്താൻ പണിപ്പെട്ടെങ്കിലും നടന്നില്ല. ഞായറാഴ്ച്ച തേനൂർ ഭാഗത്തു കണ്ടെത്തിയ ആനകൾ രാത്രി തന്നെ പരുത്തിപ്പുള്ളിയിലെത്തിയതും പലരെയും അത്ഭുതപ്പെടുത്തി. രണ്ടു തീവണ്ടിപ്പാളങ്ങൾ കടന്നുവേണം തേനൂരിലെത്താൻ.
പുഴ മുറിച്ചു കടന്നു രണ്ടു കിലോമീറ്ററോളം കടന്നാലേ പരുത്തിപ്പുള്ളിയിലെത്താനാകൂ. പെരിങ്ങോട്ടുകുറുശി ഭാഗത്തെത്തിയ ആനകൾ പിന്നീട് കുത്താന്പുള്ളി, പാന്പാടി, തിരുവില്വാമല ഭാഗത്തെത്തി. രണ്ടു ദിവസമായി ഇവിടെ വിലസിയ കാട്ടാനകൾ ഇന്നലെ രാത്രിയോടെ പോയ വഴിയേ മടങ്ങി ഇന്നു രാവിലെ മങ്കരയിൽ എത്തുകയായിരുന്നു.
കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്കയയ്ക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെന്നു വനംമന്ത്രി കെ. രാജു അറിയിച്ചു. മൂന്ന് ആനകളുള്ളതിനാൽ മയക്കുവെടി ഉപയോഗിച്ചു പിടിക്കുന്നതു അപകടകരമാണെന്ന വിലയിരുത്തലിലാണ് വനംവകുപ്പ്. തമിഴ്നാട്ടിൽ നിന്നും കുങ്കിയാനകളെ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.