ലണ്ടന്‍: നോര്‍വീജിയന്‍ ജനതയ്ക്ക് കാഴ്സ്റ്റണ്‍ വാര്‍ഹോം ഒരു ചരിത്രപുരുഷനായി മാറിയിരിക്കുന്നു. ലോകമേളകളില്‍ മൂന്നു ദശാബ്ദത്തോളം പരാജയം മാത്രം രുചിച്ച രാജ്യത്തിന്റെ കായികചരിത്രം 400 മീറ്റര്‍ ഹര്‍ഡിൽസില്‍ വാര്‍ഹോം നേടിയ സ്വര്‍ണത്തോടെ ചരിത്രമായി മാറി.
1987ല്‍ റോം ലോക ചാന്പ്യൻഷിപ്പിൽ ഇന്‍ഗ്രിഡ് ക്രിസ്റ്റ്യന്സൻ 10,000 മീറ്ററിൽ നേടിയ സ്വര്‍ണത്തിനു ശേഷം നോര്‍വെ നേടുന്ന ആദ്യ സ്വർണമാണ്. രാജ്യത്തിന്റെ പുതിയ കായികശക്തികേന്ദ്രം താനാണെന്നു താരം പ്രഖ്യാപിച്ചതില്‍ ഒട്ടും അതിശയോക്തിയില്ല. മഴ പെയ്ത് നനഞ്ഞ ട്രാക്കിലൂടെ 48.35 സെക്കന്‍ഡു കൊണ്ടാണ് ഫിനിഷ് ചെയ്തത്. ഇരുപത്തൊന്നുകാരനായ വാര്‍ഹോമിന്റെ ആദ്യസ്വര്‍ണം കൂടിയാണിത്.
ചാമ്പ്യന്മാര് എതിരാളികളായി നിരന്ന ട്രാക്കില്‍ അനുഭവസമ്പത്തില്ലായ്മയുടെ ആശങ്കയും മുഖത്തേറ്റിയാണ് വാര്‍ഹോം നിന്നത്. യൂറോപ്യന്‍ ചാമ്പ്യനായ ടര്‍ക്കി താരം യാസ്മനി കോപെല്ലോ (48.49)യും ഈയിനത്തില്‍ ഹാട്രിക്ക് സ്വപ്നവുമായി വന്ന അമേരിക്കന്‍ താരം കെറണ്‍ ക്ലമന്റും (48.52) വാര്ഹോമിനു പിന്നിലായി.
400 മീറ്ററിൽ ഫില്ലിസിനു സ്വര്‍ണം
ഫില്ലിസ് ഫ്രാന്‍സിസിന് അക്ഷരാര്‍ഥത്തില്‍ ബുധനാഴ്ച സുവര്‍ണദിനമായിരുന്നു. വനിതകളുടെ 400 മീറ്ററില്‍ അമേരിക്കന്‍താരം നേടിയ സ്വര്‍ണം കരിയറിലെ ആദ്യ പ്രധാന വ്യക്തിഗതമെഡല്‍ കൂടിയാണ്.
ഇരുപത്തഞ്ചുകാരിയായ ഫില്ലിസ് 49.92 സെക്കന്‍ഡിലാണ് സ്വര്‍ണവര കടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്സില്‍ ഫില്ലിസ് ഉള്‍പ്പെട്ട അമേരിക്കന്‍ സംഘം റിലേ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ആദ്യത്തെ സുപ്രധാന വ്യക്തിഗത മെഡലാണ് താരം സ്വന്തമാക്കിയത്. ബഹ്റിന് താരം സാല്വാ ഈദ് നാസര്‍ 50.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കി. ഒമ്പത് ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം സ്വന്തമായുള്ള അമേരിക്കന്‍ സൂപ്പര്‍താരം അലിസണ് ഫെലിക്സിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 50.08 ആണ് ഫെലിക്സിന്റെ സമയം. ആറ് ഒളിമ്പിക് സ്വര്‍ണം ഉള്‍പ്പടെ 14 മെഡലുകളാണ് ഫെലിക്സിന് സ്വന്തമായുള്ളത്.ഇതോടെ ഉസൈന്‍ ബോള്‍ട്ടിനും മെര്ലിന് ഓട്ടിക്കും ഒപ്പം ഫെലിക്സും റിക്കാര്‍ഡ് പങ്കിട്ടു.
ഗോംഗ് ലിജിയാവോയ്ക്ക് ഒടുവില്‍ സ്വര്‍ണം
ഷോട്ട്പുട്ടില്‍ ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും വെള്ളിയും വെങ്കലവും നേടിയിട്ടുള്ള ചൈനീസ് വനിതാതാരം ഗോംഗ് ലിജിയാവോയ്ക്ക് സ്വര്‍ണം. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ 19.94 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട്പുട്ട് എറിഞ്ഞിട്ടാണ് ഗോംഗ് സ്വര്‍ണം സ്വന്തമാക്കിയത്. രണ്ടാമത്തെ ശ്രമത്തില്‍ തന്നെ ഗോംഗ് ലീഡ് നേടിയിരുന്നു.
റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഹംഗേറിയന്‍ താരം അനിറ്റ മാര്‍ട്ടണ്‍ (19.49) വെള്ളി നേടി. ഒളിമ്പിക് ചാമ്പ്യന്‍ യുഎസ് താരം മിഷേല്‍ കാര്‍ട്ടര്‍ (19.14) വെങ്കലം സ്വന്തമാക്കി.
ഈയിനത്തില്‍ 1993ലാണ് ചൈന ഒടുവില്‍ സ്വര്‍ണം നേടിയത്. സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന മേളയില്‍ ഹുയാംഗ് ഷിഹോംഗിനായിരുന്നു സ്വര്‍ണം. ഈ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ആദ്യ സ്വര്‍ണമാണിത്. ഇതോടെ മെഡല്‍പട്ടികയില്‍ ചൈനയ്ക്ക് എല്ലാത്തരം മെഡലുകളും സ്വന്തമായി.
തന്നെ ഓടി മക്വാല ഫൈനലിൽ
200 മീറ്റര്‍ പുരുഷഫൈനലില് വെയ്ഡെ വാന്‍ നീകെര്‍ക്കിന് മുഖ്യഎതിരാളിയായി ബോട്സ്വാനിയന്‍ താരം ഐസക് മക്വാലയും. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് യോഗ്യതാമത്സരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന മക് വാലയെ പിന്നീട് തനിച്ച് ഓടിച്ച് 200 മീറ്റര്‍ സെമിയില്‍ മത്സരിക്കാന്‍ യോഗ്യനാക്കുകയായിരുന്നു. 20.53 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാല്‍ യോഗ്യമാക്കുമെന്നായിരുന്നു നിബന്ധന. എന്നാല്‍, 20.20 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ മക്വാല സെമിഫൈനലില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയെടുത്തു.
സെമിഫൈനലില്‍ 20.14 സെക്കൻഡിൽ ഫിനിഷ് ചെയ്തു ഫൈനലിലേക്കു യോഗ്യത നേടി. അമേരിക്കയുടെ ഐസയ്യ യംഗ് (20.12 സെക്കൻഡ്) ഒന്നാമതെത്തി. അതേസമയം 1995ല്‍ മൈക്കല്‍ ജോണ്സണ് സ്ഥാപിച്ച റിക്കാര്‍ഡ് തിരുത്തിക്കുറിക്കാനാണ് നീകെര്‍ക്കിന്റെ ശ്രമം. മൂന്നാം സെമിഫൈനലില്‍ ടര്‍ക്കിയുടെ രമില്‍ ഗുലിയേവി(20.17)നും അമേരിക്കയുടെ അമീര്‍ വെബി(20.22)നും പിന്നിലായാണ് നീകെര്‍ക്ക് ഫിനിഷ് ചെയ്തത്.
അതേസമയം യോഹാന്‍ ബ്ലേക്കിന്റെ പുറത്താകല്‍ ജമൈക്കന്‍ പ്രതീക്ഷയ്ക്കേറ്റ വന്‍ തിരിച്ചടിയായി. ഉസൈന്‍ ബോള്‍ട്ടിന്റെ 100 മീറ്റര്‍ പരാജയത്തിനു ശേഷം ജമൈക്കയുടെ ഒരു പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്നു യോഹാന്‍. ഈയിനത്തില്‍ നിലവിലുള്ള റിക്കാര്‍ഡ് ബോള്‍ട്ടിന്റെ പേരിലാണെന്നിരിക്കേ, ജമൈക്കയെ പ്രതിനിധീകരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്.