പാലക്കാട്: കാടിറങ്ങി നാട്ടിൽ വിലസിനടന്ന കാട്ടാനക്കൂട്ടം കാട്ടിലേക്കുള്ള മടക്കയാത്രയിൽ തിരികെ മുണ്ടൂരിലെത്തി. കഴിഞ്ഞ നാലുദിവസങ്ങളിൽ മുണ്ടൂർ പറളിവഴി ഒറ്റപ്പാലം, തിരുവില്വാമല ഭാഗങ്ങളിൽ പരിഭ്രാന്തിപരത്തിയ മൂന്നു കാട്ടാനകളാണ് ഇന്നു പുലർച്ചെ കാട്ടിലേക്കുള്ള മടക്കയാത്രയിൽ വീണ്ടും മുണ്ടൂർ കയറംകോടെത്തിയത്. മടക്കയാത്രയും ജനവാസമേഖലയിലൂടെയായതിനാൽ ആളുകൾ പരിഭ്രാന്തിയിലാണ്.
ആനകൾക്ക് കാട്ടിലേക്ക് സുഗമമായി കയറിപോകാനും യാത്രക്കാർക്ക് സുരക്ഷയുമൊരുക്കി ഇന്നു രാവിലെ മുതൽ ദേശീയപാതയിൽ മൂണ്ടൂർ മുതൽ കല്ലടിക്കോടുവരെ വാഹനഗതാഗതം തിരിച്ചുവിട്ടു. കോങ്ങാട് വഴി ദേശീയപാതയിലേക്കു കയറുന്ന രീതിയിലായിരുന്നു വാഹനസഞ്ചാരം. കല്ലടിക്കോട്, കോങ്ങാട് പോലീസ്, വനംവകുപ്പ്, ഫയർപോഴ്സ് ,ദ്രുതകർമസേന എന്നിവരെല്ലാം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പടക്കംപൊട്ടിച്ചും മറ്റും കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് ഇവർ.
ഇന്നലെ മങ്കര റെയിൽവേ സ്റ്റേഷനുസമീപം നിലയുറപ്പിച്ച കാട്ടാനകളാണ് ഇന്നു പുലർച്ചെ കയറംകോടെത്തിയത്. കണ്ണംപരിയാരം കേരളശേരിവഴിയാണ് കാട്ടാനകൾ ജനവാസമേഖലയിലൂടെ മുണ്ടൂരിലെത്തിയത്. പുലർച്ചെ റോഡിലൂടെ കാട്ടാനകൾ നടന്നുവരുന്നതുകണ്ട പലരും പരിഭ്രാന്തരായി. വലിയ നാശനഷ്ടങ്ങളൊന്നുംവരുത്താതെയായിരുന്നു ആനകളുടെ സഞ്ചാരം. വിവരമറിഞ്ഞ് നിരവധിആളുകളാണ് സ്ഥലത്തെത്തിയത്.
കയറംകോടെത്തിയ ആനകൾ ആളുകളുടെ ബഹളത്തെ തുടർന്ന് മുണ്ടൂരിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെനിന്നും കല്ലടിക്കോടൻ മലനിരകളിലേക്ക് എളുപ്പത്തിൽ കാടുകയറാനും ആനകൾക്കാവും.