സെൽഫി പകർത്താൻ വേണ്ടി സാഹസികത കാണിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് മിക്കവരും. ഇത്തരത്തിലുള്ള സാഹസികതയ്ക്കിടെ ലോകത്തെന്പാടുമായി നിരവധിയാളുകളുടെ ജീവൻ പൊലിയുന്നുണ്ടെങ്കിലും ഇതിനുള്ള പരിശ്രമങ്ങളിൽ യാതൊരു കുറവുമില്ലന്നുള്ളതാണ് ആശ്ചര്യമാകുന്നത്. ഇപ്പൊഴിതാ ഉയരത്തിൽ ചൈനയിലെ ആറാം സ്ഥാനത്തുള്ളതും ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിൽ പതിനഞ്ചാം സ്ഥാനമുള്ളതുമായ ഒരു കെട്ടിടത്തിന്റെ മുകളിൽ കയറി നാൽവർ സംഘം ചിത്രം പകർത്തുന്ന ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്.
ചൈനയിലെ ജിയാംഗ്ഷു പ്രവിശ്യയിലുള്ള നാൻജിംഗിൽ നിർമിച്ചിരിക്കുന്ന 450 അടി ഉയരമുള്ള സിഫെംഗ് ടവറിന്റെ മുകളിൽ കയറിയാണ് ഇവർ സെൽഫിയെടുത്തത്. യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെയായിരുന്നു ഇവരുടെ സാഹസം. ഇത്തരത്തിൽ ഉയരം കൂടിയ കെട്ടിടങ്ങളിൽ കയറുകയെന്നതാണ് തന്റെ പ്രധാന വിനോദമെന്നാണ് സംഘത്തിലെ ഒരാളായ തോംഗ് ഹു പറയുന്നത്. ഇവർ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം വൈറലായി മാറിയത്.
അധികൃതരുടെ അനുവാദമില്ലാതെ ഇത്തരം സാഹസങ്ങൾ കാണിക്കുന്നവരുടെ പക്കൽ നിന്നും പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു.