അസ്താന: വനിതാ ഷൂട്ടര്‍ മഹേശ്വരിക്ക് ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വനിതകളുടെ സ്കീറ്റ് ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് മഹേശ്വരി സ്വന്തമാക്കിയത്.
ടീം ഇനത്തില്‍ മഹേശ്വരി, രശ്മി റത്തോഡ്, സാനിയ ഷെയ്ഖ് എന്നിവര്‍ക്കൊപ്പം വെള്ളി നേടിയിരുന്നു. മൂവരും 190 പോയിന്റ് നേടിയപ്പോള്‍ സ്വര്‍ണം നേടിയ ചൈന 195 പോയിന്റും വെങ്കലം നേടിയ കസാഖിസ്ഥാന്‍ 185 പോയിന്റും നേടി.
വ്യക്തിഗത ഇനത്തില്‍ മഹേശ്വരി 75 പോയിന്റില്‍ 68 പോയിന്റും നേടി ഒന്നാം സ്ഥാനക്കാരിയായാണ് ഫൈനലിലെത്തിയത്. അവസാനത്തെ ആറു പേരുടെ ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയവരില്‍ മഹേശ്വരിയായിരുന്നു മുന്നില്‍. സഹതാരം രശ്മി ആറാം സ്ഥാനത്തുമുണ്ടായിരുന്നു.
ആ റൗണ്ടില്‍ ഒളിമ്പിക് ഫൈനലിസ്റ്റും ലോക ജേതാവുമായ ചൈനയുടെ മെംഗ് വീയും തായ്ലന്‍ഡിന്റെ സുതിയയുമുണ്ടായിരുന്നു. ഫൈനലില്‍ മഹേശ്വരി 40 പോയിന്റ് നേടി. മെംഗ് 55 പോയിന്റുമായി സ്വര്‍ണവും ഒരു പോയിന്റ് കുറവുള്ള സുതിയ വെള്ളിയും സ്വന്തമാക്കി.