കളമശേരി: സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കയറ്റിറക്ക് തടയുവെന്ന പരാതിയുമായി സിഐടിയു അംഗങ്ങൾ ജില്ലാ നേതൃത്വത്തെ സമീപിച്ചു. കണ്ടെയ്നർ റോഡിൽ കാറുകൾ ഇറക്കാൻ വരുന്ന ലോറികൾ രാത്രിയുടെ മറവിൽ സിപിഎം നേതാക്കന്മാർ ഒരു സംഘം ആളുകളോടൊപ്പം തടയുന്നതായാണ് പരാതി.
ഷോറൂമിലേക്ക് കാറുകൾ ഇറക്കാനുള്ള അനുമതി ഇടപ്പള്ളി ടോളിലുള്ള കയറ്റിറക്ക് തൊഴിലാളികൾക്കാണ്. വൈറ്റില വരെ ഇവർക്ക് അവകാശമുണ്ട്. ബൈക്കുകൾ ഇറക്കുന്നത് അതാത് സ്ഥലങ്ങളിലെ പൂളുകളിൽ പെട്ട തൊഴിലാളികളാണ്. കാറുകൾ ഇറക്കുന്ന ജോലിയും കളമശേരി മേഖലയിൽ സിപിഎം പ്രവർത്തകരെന്നവകാശപ്പെടുന്നവർക്ക് വേണമെന്നാണ് ആവശ്യം.
കളമശേരിയിലെ വിവാദ നേതാവിനൊപ്പം കളമശേരി നഗരസഭയിലെ സിപിഎം കൗൺസിലറും ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്വന്തം പാർട്ടിയുടെ നേതാക്കൾ തന്നെ തൊഴിൽ നിഷേധിക്കുന്നുവെന്ന് ഇടപ്പള്ളി ടോളിലെ സിഐടിയു പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. എളമക്കര പോലീസ് സ്റ്റേഷനിലും ചുമട്ടുതൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്.