മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമാണ് തൃശൂരിലെ ശോഭാ സിറ്റിയില്‍ ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ നിസാം എന്ന വ്യക്തി ക്രൂരമായി കൊലപ്പെടുത്തിയത്. കടുത്ത ശിക്ഷ തന്നെ കോടതി നിസാമിന് നല്കി. 35 വര്‍ഷത്തെ കഠിനതടവ്. ആക്രമണ സമയത്ത് എല്ലാം കണ്ടു നിന്ന സാക്ഷിയാണ് നിസാമിന്റെ ഭാര്യ അമല്‍. അമല്‍ കേസില്‍ നിന്നൊഴിവായത് തലനാരിഴയ്ക്കാണ്. ആഢംബരക്കാറുകളില്‍ കറങ്ങി നടന്ന നിസാം ഇപ്പോള്‍ കണ്ണൂരിലെ ജയിലിലാണ്. പണത്തിന്റെ കൊഴുപ്പില്‍ സൗന്ദര്യ റാണിയായി വിലസിയ അമല്‍ ഇന്ന് തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി കേഴുകയാണ്. ഞങ്ങള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. നീതിയും നിഷേധിക്കപ്പെടുന്നു. ഇനിയെങ്കിലും മാധ്യമ വിചാരണ അവസാനിപ്പിക്കണം. ഇതാദ്യമായാണ് നിസാമിന്റെ ഭാര്യ ഒരു പ്രതികരണത്തിന് തയാറാവുന്നത്. തന്റെ ഭര്‍ത്താവിന്റെ മോചനമാണ് ലക്ഷ്യമെന്നാണ് അവര്‍ പറയുന്നത്.
നിസാമിനെ ആരൊക്കെയോ ചേര്‍ന്ന് മനപൂര്‍വ്വം കുടുക്കിയതാണെന്നും അമല്‍ പറയുന്നുണ്ട്. നിസാമിന്റെ ഭാര്യയുടെ പ്രതികരണമെന്നതിനേക്കാള് അമലിന്റെ മാറ്റമാണ് ആളുകള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ആഢംബരക്കാറുകളിലായിരുന്നു ഈ കുടുംബത്തിന്റെ യാത്ര. എപ്പോഴും അടിപൊളി ലുക്കില്‍ യാത്ര ചെയ്തിരുന്നയാളാണ് അമല്‍. എന്നാല്‍ ഭര്‍ത്താവിന്റെ ജയില്‍ വാസം ഈ യുവതിയെ തീര്‍ത്തും സാധാരണക്കാരിയാക്കി മാറ്റിയിരിക്കുന്നു. പഴയ മെയ്ക് അപ്പ് ഒന്നും ഇപ്പോഴുള്ള ഫോട്ടോയില്‍ ഇല്ല. തീര്‍ത്തും പുതിയ മുഖം. രണ്ട് വര്‍ഷം മുമ്പ് തികച്ചും ആകസ്മികമായി ശോഭാസിറ്റിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ചന്ദ്രബോസ് ആശുപത്രിയിലാവുകയും ഭര്‍ത്താവ് നിസാം അറസ്റ്റിലാവുകയും ചെയ്തത് മുതല്‍ തങ്ങളുടെ കുടുംബം ഇതിന്റെ പേരില്‍ കടുത്ത യാതന അനുഭവിക്കുകയാണെന്നും അവര്‍ പറയുന്നു. ശോഭാസിറ്റിയുടെ ഗേറ്റ് തുറന്ന് കൊടുക്കാന്‍ അല്‍പ്പം വൈകി എന്ന കാരണത്താല്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ, നിസാം കോടികള്‍ വിലയുള്ള ആഢംബര വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇപ്പോഴും വേട്ടയാടല്‍ തുടരുന്നു. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ. അമല്‍ ചോദിക്കുന്നു.
ഞങ്ങള്‍ക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതായി. മരണപ്പെട്ട ചന്ദ്രബോസ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. അയാള്‍ സെക്യൂരിറ്റി ജീവനക്കാരനാണെന്ന് ആരും തന്നെ പോലീസിന് മൊഴി നല്‍കിയിട്ടുമില്ല. ഇതിന് മറ്റ് രേഖകളുമില്ല. മാധ്യമങ്ങളാണ് ചന്ദ്രബോസിനെ വിമുക്ത ഭടനായും, സെക്യൂരിറ്റി ജീവനക്കാരനുമൊക്കെയായി ചിത്രീകരിച്ചത്. ചന്ദ്രബോസ് യൂണിഫോം ധാരിയുമായിരുന്നില്ല. മാധ്യമങ്ങള്‍ പല കഥകളും പറഞ്ഞുണ്ടാക്കി. ഭര്‍ത്താവ് നിസാമിന് 2000 ഏക്കര്‍തോട്ടവും, 10,000 കോടിയുടെ മറ്റ് ആസ്തികളുണ്ടെന്നും, 5 ലക്ഷം രൂപയുടെ ഷൂ ആണ് നിസാം ധരിക്കുന്നതെന്നും, ആളുകളെ കൊല്ലാനായി അസ്ഥികൂടം ഘടിപ്പിച്ച പ്രത്യേക തരം ബൈക്കുണ്ടെന്നും, മൂന്ന് ഭാര്യമാരുണ്ടെന്നുമൊക്കെയാണ് പ്രചരിപ്പിച്ചത്. വസ്തുതകള്‍ തിരക്കാതെ മാധ്യമങ്ങള്‍ ഇപ്രകാരം വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്താണ് ഞങ്ങള്‍ക്ക് ചെയ്യാനാവുക.
സംഭവ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശോഭാസിറ്റിയിലുള്ള ഞങ്ങളുടെ താമസ സ്ഥലത്തേക്ക് ഹമ്മര്‍ കാറുമായി ഞങ്ങളെത്തിയത്. ഏറെ നേരം ഹോണ്‍ മുഴക്കിയിട്ടും ഗേറ്റ് തുറക്കാതായപ്പോള്‍ ഭര്‍ത്താവ് ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായി നിസാം വാക്കേറ്റമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഭര്‍ത്താവ് പരിഭ്രമിച്ച് കൊണ്ട് എന്നെ ഫോണില്‍ വിളിച്ചതോടെ ഞാന്‍ അവിടേയ്ക്ക് ഓടിച്ചെന്നു. ശോഭാസിറ്റിയിലെ യൂണിഫോം ധരിച്ച നാല് സെക്യൂരിറ്റി ജീവനക്കാര്‍ ഭര്‍ത്താവ് നിസാമിനെ വളഞ്ഞിട്ടാണ് ആക്രമിച്ചത്. ഇതിനിടയില്‍ ഗേറ്റ് തുറന്ന് നിസാം വണ്ടിയില്‍ ചാടിക്കേറി അതിശക്തമായി വണ്ടി മുന്നോട്ടെടുക്കവെയാണ് വലിയ ചില്ലു കഷ്ണവുമായി സെക്യൂരിറ്റി ക്യാബിനില്‍ നിന്നും ഏതാണ്ട് 100 അടി പിന്നിലായി നില കൊണ്ടിരുന്ന ചന്ദ്രബോസിന്റെ മേല്‍ കാറിടിക്കുന്നത്. കണ്ട്രോള് പോയ വാഹനം അവിടെയുള്ള ഭിത്തിയിലിടിച്ചാണ് നിന്നത്. ഇത് മനപ്പൂര്‍വ്വമായിരുന്നില്ല. സുരക്ഷാ ജീവനക്കാരില്‍ നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ സംഭവിച്ചതാണ്.