അഭിമാനം കൊച്ചമ്മമാർക്ക് മാത്രമല്ല..! തമ്പുരാട്ടിമാർ തന്നെ പഠിപ്പിക്കാൻ വരേണ്ട; സംസ്ഥാന പോലീസിൽ ഫൂലൻ ദേവിയേപ്പോലെ ഉള്ളവരും; വനിതാ കമ്മീഷനെതിരെ ആഞ്ഞടിച്ച് പി.സി ജോർജ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, കമ്മീഷനെതിരെ ആഞ്ഞടിച്ച് പി.സി.ജോർജ് എംഎൽഎ.

കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ജോർജ് പറഞ്ഞു. പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർത്തിട്ട് തന്നെ പഠിപ്പിക്കാൻ നോക്കിയാൽ മതിയെന്ന് ജോർജ് തുറന്നടിച്ചു.പുതുവൈപ്പിൻ സമരത്തിനിടെ പോലീസ് വനിതകളെ അപമാനിച്ചത് കണ്ടില്ലെന്ന് നടിക്കരുത്. സിനിമാ നടിമാര്‍ക്കും, ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കും മാത്രമല്ല മാനാഭിമാനമുള്ളതെന്നും ജോസഫൈൻ മനസിലാക്കണം.

പാവപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചതിനു ശേഷം താൻ കമ്മീഷന് മുന്നിൽ വിനയാന്വിതനായി നിന്നു തരാം- ജോർജ് പറഞ്ഞു. ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ പറയുന്ന മര്യാദ പഠിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും അത് പഠിപ്പിക്കാന്‍ ആരും സമയം മെനക്കെടുത്തേണ്ടതില്ലെന്നും ജോർജ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് തന്‍റെ നിലപാട്. എന്നാൽ ഒരു നടനെ മാത്രം കേന്ദ്രീകരിച്ചാണ് കേസിലെ നടപടികൾ മുന്നോട്ട് പോയത്. ഇത് ആ നടനെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ജോർജ് പറഞ്ഞു. സംസ്ഥാന പോലീസിൽ ഫൂലൻ ദേവിയേപ്പോലെ ഉള്ളവരും ഉണ്ടെന്നും അവർ നിരപരാധികളുടെ ജീവിതം തകർത്ത ചരിത്രമുണ്ടെന്നും ജോർജ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാൻ പോലീസ് ശക്തമായി കോടതിയിൽ വാദിച്ചുവെന്ന് അറിഞ്ഞിരുന്നു. ഇതിനായി, നിർഭയ കേസിലെ പെൺകുട്ടി ആക്രമിക്കപ്പെട്ടതിനേക്കാൾ ക്രൂരമായാണ് നടി ആക്രമിക്കപ്പെട്ടതെന്ന് പോലീസ് കോടതിയെ അറിയിച്ചെന്നാണ് കേട്ടത്. അപ്പോൾ ഒരു സാധാരണക്കാരന് ഉണ്ടാകുന്ന സംശയം മാത്രമാണ് താൻ ഉന്നയിച്ചതെന്നും ജോർജ് പറഞ്ഞു.

പോലീസ് പറയുന്ന പ്രകാരമാണെങ്കിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നടി എങ്ങിനെയാണ് ദിവസങ്ങൾക്കുള്ളിൽ ഷൂട്ടിംഗിന് പോയത്? ഏത് ആശുപത്രിയിലാണ് അവർ ചികിത്സ തേടിയത്? എന്നൊക്കെയുള്ള സംശയങ്ങൾ എങ്ങിനെയാണ് ആ നടിയെ അപകീർത്തിപ്പെടു ത്തലാകുന്നത്- ജോർജ് ചോദിച്ചു.

സ്വയം കൽപിത തമ്പുരാട്ടിയുടേയോ തമ്പുരാട്ടിമാരുടെയോ തിട്ടൂരങ്ങൾക്ക് വഴിങ്ങി ഭയപ്പെട്ട് ജീവിക്കാൻ തനിക്ക് സൗകര്യമില്ലെന്നും പി.സി. ജോർജ് പ്രസ്താവനയിൽ ആവർത്തിച്ച് വ്യക്തമാക്കി.

Related posts