മുക്കം : വെട്ടിമാറ്റിയ കൈകൾ കണ്ടെത്തിയ കടൽതീരത്തുനിന്ന് തലയോട്ടിയും കണ്ടെത്തി. ചാലിയം കടൽ തീരത്ത്െ ലൈറ്റ് ഹൗസ് പരിസരത്തുനിന്നുമാണ് ഇന്നലെ രാത്രി തലയോട്ടി കണ്ടെത്തിയത്. ഇവിടെയാണ് വെട്ടിമാറ്റിയ രീതിയിൽ രണ്ട്ു കൈകൾ കണ്ടെത്തിയത്. മനുഷ്യന്റെ തലയും കയ്യും കാലും വെട്ടിമാറ്റിയ നിലയിലുള്ള മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ മുക്കത്തുനിന്നും കണ്ടെത്തിയിരുന്നു.
പുതിയ സാഹചര്യത്തിൽ അന്വേഷണം ഉൗർജിതമാക്കാനാണ് പോലീസ് തീരുമാനം. സാഹചര്യ തെളിവുകൾ പോലും ലഭിക്കാത്ത കേസായതിനാലും മറ്റു ശരീരാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലും അന്വേഷണ സംഘം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തുടക്കത്തിൽ ജൂണ്‍ ഒന്നു മുതൽകാണാതായവരെ പറ്റി നടത്തിയ അന്വേഷണത്തിൽ കേസന്വേഷണത്തിന് സഹായകമായ യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തലയോട്ടി കൂടി കണ്ടെത്തിയത്. ഈ രണ്ടുസംഭവം കൂട്ടിയോജിപ്പിച്ചുള്ള അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയിട്ടും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ്സ്റ്റേഷനുകളിലുമെത്തി അന്വേഷണ സംഘം കാണാതായവരുടെ കണക്കെടുത്തിട്ടുണ്ട്. എന്നാൽ ഈ നീക്കവും ഗുണം ചെയ്തിട്ടില്ല. അഞ്ചോളം മിസ്സിംഗ് കേസുകൾ നോക്കിയങ്കിലും കണ്ടെടുത്ത ശരീരാവശിഷ്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല. സംഭവ ദിവസത്തേയും സമീപ ദിവസങ്ങളിലേയും നിരവധി ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയങ്കിലും അതും അന്വേഷണത്തിന് സഹായകരമായ രീതിയിൽ വിജയിച്ചില്ല.
ഈ മാസം ആറിനാണ് കാരശേരി ഗേറ്റും പടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മനുഷ്യന്റെ കയ്യും കാലും തലയുമില്ലാത്ത ശരീരാവശിഷ്ടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജൂണ്‍ 28, ജൂലൈ ഒന്നിന് ചാലിയം കടൽ തീരത്ത് നിന്ന് വെട്ടിമാറ്റിയ കൈകളും ലഭിച്ചിരുന്നു. തലയും കാലുകളും മറ്റും ലഭിക്കാത്തതിനാൽ ആളാരാണന്ന് ഇനിയും അന്വേഷണ സംഘത്തിന് പിടികിട്ടിയിട്ടില്ല.
ജൂണ്‍ ഒന്നുമുതൽ കാണാതായവരെ പറ്റി വിവരമറിയിക്കണമെന്ന് അന്വേഷണ സംഘത്തലവൻ കോഴിക്കോട് സൗത്ത്അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ റസാഖ്, കൊടുവള്ളി ,ചെറുവണ്ണൂർ സി.ഐ.മാർ എന്നിവർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദഹിക്കാത്ത ഭക്ഷണ അവശിഷ്ടത്തെ കുറിച്ച് സൂചനയുണ്ടായിരുന്നു. ഇതോടെ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനകമാണ് മരണം നടന്നതെന്ന് പോലീസ് പറയുന്നു.