തൊടുപുഴ: കുട്ടികളെ മരണത്തിലേക്കു നയിക്കുന്ന ബ്ലൂ വെയ്ൽ ഗെയിം ഇടുക്കിയിലും എത്തി. നാലു ടാസ്ക് കളിച്ച യുവാവിനെ പോലീസ് വിശദമായി ചോദ്യംചെയ്തു. ബ്ലൂവെയ്ൽ കളിച്ചെന്നു കാണിച്ചു ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതാണ് പോലീസ് ചോദ്യംചെയ്യാൻ കാരണം.
ചോദ്യം ചെയ്ത ശേഷം യുവാവിനെ വിട്ടയച്ചു. യുവാവ് നാലു ടാസ്ക് വരെ കളിച്ചതായി സൂചനയുണ്ട്. കളി ആരംഭിക്കുന്നതു മുതൽ ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടാക്കും. ശരീരത്തിൽ കീറിമുറിക്കുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ധാരാളം പേർ ഈ കളിയിൽ അടിമകളാണെന്നും ഇയാൾ പറയുന്നു.
അന്പതു ദിവസംകൊണ്ടു ചെയ്തു തീർക്കാവുന്ന 15 സ്റ്റേജും അന്പതു ടാസ്കുമുണ്ട്. ആദ്യത്തെ ടാസ്ക് എഫ് 57 എന്നു ശരീരത്തിൽ എഴുതണം. തുടർന്നു ഈ ചിത്രം പകർത്തി അവർക്കു അയച്ചു കൊടുക്കണം. മുറിവുണ്ടാക്കുക, പുലർച്ചെ 4.30നു പ്രേത സിനിമകൾ കാണുക, ഭീകരചിത്രങ്ങൾ കാണുക എന്നിങ്ങനെ പോകുന്നു ആദ്യ ഭാഗത്തെ ടാസ്കുകൾ. ടാസ്ക് ജയിക്കാൻ സാധിക്കുന്നില്ലെങ്കിൽ ശിക്ഷയുണ്ടാകും.
കളിയിൽനിന്നു പിന്മാറാൻ ശ്രമിച്ചാൽ ബ്ലാക്ക്മെയിൽ ചെയ്യും. കളി ആരംഭിക്കുന്നതിനു മുന്പുതന്നെ കളിക്കുന്ന കുട്ടികളുടെ മുഴുവൻ വിവരങ്ങളും ചിത്രങ്ങളും ഇവരുടെ കൈയിൽ കിട്ടുന്നതുകൊണ്ട് പെട്ടെന്നു രക്ഷപ്പെടാൻ സാധിക്കില്ല. സോഷ്യൽ മീഡിയ വഴി ലിങ്ക് അയച്ചുകിട്ടുന്നതിനാൽ ഇതു കളിക്കുന്നവരെ അത്ര പെട്ടെന്നു കണ്ടെത്താൻ കഴിയില്ലെന്നതാണു പോലീസിനെ കുഴക്കുന്നത്.
പത്തനാപുരത്തും കുട്ടികൾ ബ്ലൂ വെയ്ൽ ഗെയിമിനു കീഴ്പ്പെട്ടതായി സൂചന
പത്തനാപുരം: പത്തനാപുരത്തും വിദ്യാർഥികൾ ബ്ലൂ വെയ്ൽ ഗെയിമിനു കീഴ്പ്പെട്ടതായി സൂചന. നഗരത്തിലെ സമാന്തരവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥിയുടെ കൈയിൽകണ്ട മുറിപ്പാടിനെ പറ്റിയുള്ള അന്വേഷണമാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലെത്തിച്ചത്. സഹപാഠികൾ ചോദിച്ചപ്പോൾ കോമ്പസുകൊണ്ട് ചിത്രം വരച്ചതാണെന്നാണു പറഞ്ഞത്.
കൂടുതൽ ചോദിച്ചപ്പോഴാണ് ബ്ലൂ വെയ്ൽ ഗെയിം കളിച്ചതാണെന്ന് അറിഞ്ഞത്. അധ്യാപകർ വീട്ടിലറിയിച്ചതിനെ തുടർന്ന് മൊബൈൽ വാങ്ങി നശിപ്പിച്ചു. മേഖലയിൽ കൂടുതൽ വിദ്യാർഥികൾ ഗെയിം ചലഞ്ചിൾ ഉൾപ്പെട്ടതായാണ് വിവരം.