മുണ്ടക്കയം: ആട് വളർത്തലിൽ സോജന് അഭിമാന നേട്ടം. കേരള മൃഗസംരക്ഷണവകുപ്പിന്റെ ഈ വർഷത്തെ മികച്ച യുവകർഷകനായി മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയിൽ സോജൻ ജോർജിനെ തെരഞ്ഞെടുത്തു. വീടിനോടു ചേർന്നുള്ള 60 സെന്റ് സ്ഥലത്താണ് സോജന്റെ ആടുവളർത്തൽ.
മലബാറി ഇനത്തിൽപെട്ട നൂറോളം ആടുകളാണ് ഫാമിലുള്ളത്. റബറിന്റെ വിലത്തകർച്ച കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയപ്പോഴാണ് സോജൻ ആടുവളർത്തലിലേക്കു തിരിഞ്ഞത്. മൂന്നു വർഷം മുൻപ് റബർ മരങ്ങൾ വെട്ടിമാറ്റിയാണ് അവിടെ ആടുവളർത്തൽ തുടങ്ങിയത്. സ്പെയിനിൽനിന്നും ഇറക്കുമതി ചെയ്ത ഫൈബറുകൾ ഉപയോഗിച്ച് അത്യാധുനിക സംവിധാനത്തിലാണ് കൂടുകൾ നിർമിച്ചിരിക്കുന്നത്. ഇതിനായി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചു.
പ്രസവിക്കാറായ ആടുകളെയും, കുഞ്ഞുങ്ങളെയും പ്രത്യേകം പാർപ്പിക്കാനുള്ള സ്ഥലവും കൂടിനുള്ളിൽ തയാറാക്കിയിട്ടുണ്ട്. ആടുകൾക്ക് ഭക്ഷണമൊരുക്കാനായി നാലേക്കർ സ്ഥലം പാട്ടത്തിനെടുത്ത് തീറ്റപ്പുൽകൃഷിയും നടത്തുന്നു.
മൂന്നുമുതൽ ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വില്പനയാണു പാലുത്പാദനത്തെക്കാൾ ഏറെ വരുമാനം നൽകുന്നത്. മൂത്രവും, കാഷ്ഠവും മറ്റൊരു വരുമാന മാർഗമാണ്. ആടിനെക്കൂടാതെ ആറ് പശുക്കളും സോജന്റെ ഫാമിലുണ്ട്. മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റും നിർമിച്ചിട്ടുണ്ട്.