കട്ടപ്പനയില്‍ പിടികൂടിയത് സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിച്ച ഹാഷിഷ് ഓയില്‍

കട്ടപ്പനയില്‍ പോലീസ് പിടികൂടിയ 17 കോടിയുടെ ഹാഷിഷ് ഓയില്‍ കേരളത്തിനു പുറത്തുനിന്ന് എത്തിച്ചതാണെന്നു പോലീസ്. യഥാര്‍ഥ ഉറവിടത്തെ ക്കുറിച്ചും ബാക്കി കണ്ണികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംസ്ഥാനത്തു പോലീസ് നടത്തിയിട്ടുള്ള എറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.

ഷിനോ മുമ്പ് ബംഗളൂരുവില്‍ മയക്കുമരുന്നു കേസില്‍ പ്രതിയായിട്ടുണ്ടെന്നും നേരത്തെ ഇയാളുടെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ ഇപ്പോഴും ജയിലിലാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ നടത്തിയ തന്ത്രങ്ങള്‍ ഡിജിപി, എഡിജിപി, ഐജി എന്നിവരെ യഥാസമയം അറിയിച്ചുകൊണ്ടിരുന്നു. പ്രതികളെ പിടികൂടിയതിനു പോലീസ് ഉന്നതര്‍ ഇടുക്കി പോലീസിനെ അഭിനന്ദിച്ചതായും ഡിജിപി അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മയക്കുമരുന്നു വേട്ടയ്ക്കിറങ്ങിയ സേനാഗംങ്ങളെ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അഭിനന്ദിച്ചു. അപകടകരമായ 17 കിലോഗ്രാം മയക്കുമരുന്ന് സമൂഹത്തിലേക്കു പോകാന്‍ അനുവദിക്കാതെ തടഞ്ഞതു വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുമളി എസ്‌ഐ ജോബി തോമസ്, വണ്ടിപ്പെരിയാര്‍ എസ്‌ഐ ബെജിത് ലാല്‍, കട്ടപ്പന എസ്‌ഐ കെ.എം. സന്തോഷ്, എഎസ്‌ഐ സജിമോന്‍ ജോസഫ്, സിപിഒമാരായ തങ്കച്ചന്‍ മാളിയേക്കല്‍, ബേസില്‍ പി. ഐസക്, എസ്. സുബേര്‍, എം.ആര്‍. സതീഷ്, വി.ജി. ദിലീപ്, സലിന്‍ എന്നിവരടങ്ങുന്ന സംഘമാണു മയക്കുമരുന്നു വേട്ട നടത്തിയത്. പ്രതികളെ കട്ടപ്പന മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts