ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയഭേദകമായ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയുണ്ടായി. മൂന്ന് വയസുള്ള കുട്ടിയെ കണക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോയായിരുന്നു അത്. ഏത് കഠിന ഹൃദയന്റെയും മനസലിയിക്കുന്ന വീഡിയോയായിരുന്നു അടിക്കരുതേ എന്ന് പറഞ്ഞ് കരയുന്ന കുട്ടിയുടേത്. എണ്ണാന്‍ പഠിക്കുന്ന കുട്ടിയെ ഇത്രയധികം ശിക്ഷ നല്കി എന്തിനാണ് പഠിപ്പിക്കുന്നതെന്നാണ് കാണുന്നവരെല്ലാം ഉന്നയിക്കുന്ന ചോദ്യം.
പഠിപ്പിക്കുന്ന സ്ത്രീ കുഞ്ഞിനെ വഴക്കു പറയുന്നതിനിടയില്‍ കൈകൂപ്പി തൊഴു കൈകളോടെ കുട്ടി കേഴുന്നതും കാണാന്‍ സാധിക്കും. ഭയപ്പെടുത്താതെ സ്നേഹപൂര്‍വ്വം പഠിപ്പിക്കൂ എന്ന് കുഞ്ഞ് തൊഴുതുപിടിച്ച് കരഞ്ഞ് അപേക്ഷിച്ചിട്ടും സ്ത്രീശബ്ദം ആക്രോശം തുടര്‍ന്നു. ഓരോ ആക്രോശത്തിലും പാവം കുഞ്ഞ് ഞെട്ടിവിറയ്ക്കുന്നതും വീഡിയോയില്‍ കാണാം. അവസാനം ആക്രോശം അടിയ്ക്ക് വഴിമാറുന്നതാണ് കാണുന്നത്. ഒരു ദയയുമില്ലാതെ കുഞ്ഞിന്റെ കരണത്ത് അടിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വിരാട് കോഹ്ലിയുള്പ്പടെയുള്ള പ്രമുഖര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിനുമുമ്പും കുട്ടികളോടുള്ള ക്രൂരതകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.