പിടിയിലായത് 30 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ബൈക്കുകൾ മോഷ്ടിച്ചവർ പന്തളം: പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയും മധുരയിൽ പിടിയിലാവുകയും ചെയ്ത രണ്ട് പ്രതികളും ആദ്യദിനം ഒളിവിൽ കഴിഞ്ഞത് കൊഴുവല്ലൂരിലെ കശുവണ്ടി ഫാക്റിയിൽ.
ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞി കിഴക്കേതിൽ സുരേഷ്(20), മലയാലപ്പുഴ ചേറായി ഷിബു ഭവനിൽ ഷിജു(20) എന്നിവരാണ് പന്തളം സ്റ്റേഷനിൽ നിന്ന് രക്ഷപെടുകയും പത്ത് ദിവസത്തെ ഒളിതാമസത്തിന് ശേഷം മധുരയിൽ നിന്ന് പിടിയിലാവുകയും ചെയ്തത്.
ഓഗസ്റ്റ് ഒന്പതിന് പുലർച്ചെ ഒന്നിനാണ് ഇരുവരും സ്റ്റേഷനിൽ നിന്ന് കടന്നത്. ഇടറോഡുകളിൽ കൂടി കൊഴുവല്ലൂരിൽ സുരേഷിന്റെ വീട്ടിലെത്തിയ ശേഷം അരീക്കരയിൽ പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറിയിൽ എത്തി അവിടെ തങ്ങി.അവിടെ നിന്ന് അധികമാരും ശ്രദ്ധിക്കാത്ത ഇടറോഡുകളിലൂടെ രാത്രിയിൽ കാൽനടയായും പിക്കപ്വാനിലുമായാണ് മാവേലിക്കര റെയിൽവേ സ്റ്റേഷനിലെത്തിയത്.
പിന്നീട് ട്രെയിനിൽ സേലത്തെത്തി. അവിടെ ഒരു ഉത്സവസ്ഥലത്ത് തങ്ങിയ ഇരുവരും അടുത്ത ദിവസം മധുരയിൽ ഷിജുവിന്റെ ബന്ധുവീട്ടിലെത്തി അവിടെ തങ്ങി. ഷിജുവിന്റെ അച്ഛന്റെ സ്വദേശം മധുരയാണെന്ന സൂചനകളുടെ അടിസ്ഥാനത്തിലും മധുരയിലെ എസ്ടിഡി ബൂത്തിൽ നിന്ന് സുരേഷിന്റെ അമ്മയ്ക്ക് വന്ന ഫോണ് കോൾ പിന്തുടർന്നുമാണ് പോലീസ് മധുരയിലെത്തുന്നതും പ്രതികളെ പിടികൂടുന്നതും.
പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി. പന്തളം സ്റ്റേഷൻ പരിധിയിൽ നടന്ന ഏഴ് മോഷണകേസുകളുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ കോടതിയിലെത്തിച്ചത്.ജൂനിയർ എസ്ഐ ആൻഡ്രിക് ഗ്രോമി, ഷാഡോ പോലീസിലെ എഎസ്ഐ അജി ശാമുവൽ, വിൽസണ്, സിവിൽ പോലീസ് ഓഫീസർ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് മധുരയിൽ നിന്ന് പ്രതികളെ പിടികൂടിയത്.
വിവിധ ജില്ലകളിലായി 30 ലക്ഷം രൂപ വിലമതിക്കുന്ന 14 ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസുകളിലെ പ്രതികളായിരുന്നു ഇരുവരും.