പ്രബൽ ഭരതൻ
കോഴിക്കോട്: കറൻസി പിൻവലിക്കലിനെ തുടർന്നുണ്ടായ നോട്ട് ക്ഷാമത്തിൽ നിന്ന് കര കയറിയ രാജ്യത്ത് നോട്ട് ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. 100 രൂപ നോട്ടിന്റെ കുറവാണ് ബാങ്കുകളിലും എടിഎം കൗണ്ടറുകളിലും ജനങ്ങളെ വട്ടം ചുറ്റിക്കുന്നത്. ആവശ്യത്തിന് 100 രൂപ നോട്ടില്ലാത്തത് വലിയ പ്രയാസമുണ്ടാക്കുന്നതായി ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
100 രൂപ നോട്ട് അച്ചടി നിർത്തിയതിനെ തുടർന്നാണ് വിപണിയിൽ നോട്ട് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയത്. കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ആർബിഐ പുതിയ 100 രൂപ നോട്ടുകൾ ഒരു ബാങ്കിന്റെയും ചെസ്റ്റ് ബ്രാഞ്ചിൽ(ആർബിഐയിൽ നിന്ന് നോട്ടുകൾ സ്വീകരിക്കുന്ന ബ്രാഞ്ച്) എത്തിച്ചിട്ടില്ല. നിലവിൽ വിപണയിലുള്ള നോട്ട് കൊണ്ടാണ് ബാങ്കുകളും ഇടപാട് നടത്തുന്നത്. കടകളിലെയും അവസ്ഥ മറ്റൊന്നല്ല.
മിക്ക കടകളിലും 100 രൂപ നോട്ടിന്റെ ക്ഷാമം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 100 രൂപ കുറഞ്ഞതോടെ ചില്ലറ നോട്ടുൾ ലഭിക്കുന്നതിനായി വ്യാപാരികൾ നെട്ടോട്ടമോടുകയാണ്. എടിഎം കൗണ്ടറുകളിലാണ് ജനങ്ങൾ ഏറെയും വലയുന്നത്. കൗണ്ടറുകളിൽ 100 രൂപ കുറവായതിനാൽ ചുരുങ്ങിയത് 500 രൂപയെങ്കിലും പിൻവലിക്കണമെന്ന സ്ഥിതിയാണ്.
എന്നാൽ ഈ 500 ചില്ലയാക്കാനുള്ള പ്രയാസം വേറെയുമാണ്. കടകളിൽ നിന്ന് 500ന് ചില്ലറ ലഭിക്കാത്തിനെ തുടർന്ന് ബാങ്കിന്റെ ബ്രാഞ്ചുകൾ തെരഞ്ഞെത്തിയാണ് പലരും വലിയ നോട്ട് ചില്ലറയാക്കി മാറ്റുന്നത്. എന്നാൽ ബാങ്ക് ബ്രാഞ്ചുകളിലും സ്ഥിതി ആശാസ സ്യമല്ലെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇത് വരും ദിവസങ്ങളിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യതയെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു.
വരും ദിവസങ്ങളിൽ 100 രൂപ നോട്ട് പിൻവലിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 100 രൂപ നോട്ട് അച്ചടി നിർത്തി എന്നതല്ലാതെ മറ്റ് നിർദേശങ്ങളോ അറിയിപ്പുകളോ ഒന്നും തന്നെ ആർബിഐ ഇതുവരെ മറ്റു ബാങ്കുകൾക്ക് നൽകിയിട്ടില്ല. ഇതിനാൽ 1000,500 നോട്ടുകൾ പിൻവലിച്ച പോലെ ഒറ്റയടിക്ക് 100 രൂപ നോട്ട് പിൻവലിക്കാനുള്ള സാധ്യതയും സാന്പത്തികവിദഗ്ധർ തള്ളിക്കളയുന്നില്ല.
അച്ചടി നിർത്തിയ നോട്ടുകൾ ക്രമേണ പിൻവലിക്കാനുള്ള സാധ്യതയും ഇവർ പങ്ക് വയ്ക്കുന്നുണ്ട്. അതേസമയം 100 രൂപ നോട്ടിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളിൽ പുതിയ 200,50 നോട്ടുകൾ പുറത്തിറക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്.
കേരളത്തിലേക്ക് നോട്ടുകൾ വിതരണം ചെയ്യുന്ന ആർബിഐയുടെ മൈസൂരിലെ നോട്ട് പ്രിന്റിംഗ് യൂണിറ്റിൽ പുതിയ നോട്ടുകൾ വിതരണത്തിന് തയാറായതായി ചെസ്റ്റ് ബ്രാഞ്ചുകളിൽ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ പുതിയ 200,50 നോട്ടുകൾ എല്ലാ ബാങ്കുകളുടെയും ചെസ്റ്റ് ബ്രാഞ്ചിൽ എത്തുമെന്നാണ് ഉദ്യോഗസ്ഥർക്ക് ആർബിഐ നൽകിയ അറിയിപ്പിൽ പറയുന്നത്.
പുതിയ നോട്ടുകൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തികരിച്ചിട്ടുണ്ട്. നോട്ടുകൾ ബാങ്കുകൾക്ക് വിതരണം ചെയ്യേണ്ട ജോലി മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. പുതിയ നോട്ടുകൾ ഇറങ്ങുന്നതോടെ നിലവിലെ പ്രതിസന്ധി മറികടക്കാനാകുമെന്ന് ആർബിഐ ബാങ്ക് ബ്രാഞ്ചുകളെ അറിയിച്ചിട്ടുണ്ട്.