പയ്യന്നൂര്‍: ഗുരുതരമായ കാന്‍സര്‍രോഗത്തിന്റെ പിടിയിലാണെന്നു തെറ്റിദ്ധരിപ്പിച്ചു വിദ്യാര്‍ഥികളില്‍നിന്നു ലക്ഷങ്ങള്‍ കൈപ്പറ്റിയ അധ്യാപകനെ വിദ്യാര്‍ഥികള്‍ കുടുക്കി. ഇടുക്കി കുളമാവ് സ്വദേശി ഫൈസലിനെയാണു (32) വിദ്യാര്‍ഥികള്‍ കുടുക്കി പോലീസിൽ ഏൽപ്പിച്ചത്.
പയ്യന്നൂരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള മൈനോറിറ്റി യൂത്ത് സെന്ററിലെ പരിശീലകനായ അധ്യാപകനാണു ലക്ഷങ്ങള്‍ തട്ടാന്‍ രോഗിയായി അഭിനയിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും കാസര്‍ഗോഡ് ചെർക്കളയിലുമുള്ള സ്ഥാപനങ്ങളില്‍ ഈ അധ്യാപകന് തന്നെയാണ് എല്ലാ വിഷയങ്ങള്‍ക്കും ക്ലാസെടുത്തിരുന്നത്.
മണിക്കൂറിനു 500 രൂപ വീതം പ്രതിഫലം പറ്റുന്ന ഇയാള്‍ ഇടപെടലുകളിലൂടെ വിദ്യാര്‍ഥികള്‍ക്കു പ്രിയങ്കരനായിരുന്നു. മനസലിഞ്ഞ വിദ്യാര്‍ഥികള്‍ കൈയിലുള്ളതും വീട്ടുകാരറിയാതെ സ്വര്‍ണം പണയപ്പെടുത്തിയും അധ്യാപകന്റെ ചികിത്സക്കായി പണം സ്വരൂപിച്ചു നല്കി. 1,58,000 രൂപവരെ കൊടുത്ത വിദ്യാര്‍ഥിനിയുമുണ്ട്.
ഇങ്ങിനെ അഞ്ചുലക്ഷത്തോളം രൂപയുമായി കീമോ തെറാപ്പി ചെയ്യാനെന്നു പറഞ്ഞു പോയ അധ്യാപകനെ കാണാതെ വന്നപ്പോള്‍ ഫോണില്‍ വിളിച്ചവരോട് നിങ്ങളാരും ഇങ്ങോട്ടു വരേണ്ട.താനുടനെ തിരിച്ചെത്തുമെന്നാണ് അറിയിച്ചത്. രണ്ടും കല്പിച്ച് ഇടുക്കിയിലെത്തിയ വിദ്യാര്‍ഥികള്‍ അധ്യാപകന്റെ വീടു കണ്ടെത്തി അന്വേഷിച്ചപ്പോഴാണു വീട്ടുകാര്‍ പോലുമറിയാത്ത രോഗമാണ് അധ്യാപകനെന്നു മനസിലായത്.