എരുമേലി : അറുപത്തിയഞ്ചു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കിട്ടിയതറിഞ്ഞിട്ടും കോണ്‍ക്രീറ്റ് പണി ഉപേക്ഷിക്കാതെ രാജൻ. നെടുങ്കാവുവയലിൽ രാജനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഡബ്ല്യു എ 320114 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അഞ്ചു സെന്റിൽ പാതി പോലും പണിതീരാത്ത കൊച്ചു വീട്ടിലാണ് രാജനും കുടുംബവും താമസിക്കുന്നത്.
സമ്മാനം ലഭിച്ചതറിഞ്ഞിട്ടും ഒട്ടും സമയം കളയാതെ രാജൻ നെടുങ്കാവുവയലിൽ ഒരു കെട്ടിട നിർമാണത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലിക്കു പോയി. നിർധനനും കൂലിപ്പണിക്കാരനുമായ രാജന് ഒരുപാട് മോഹങ്ങളൊന്നുമില്ല.ലോട്ടറിയടിച്ചവരിൽ പലരും ഒടുവിൽ പാപ്പരായ കഥയൊക്കെ തനിക്കറിയാമെന്നും താൻ അങ്ങനെയാവില്ലെന്നും ഉറച്ച മനസോടെ രാജൻ പറഞ്ഞു.
നല്ല വീട്, കൃഷി ചെയ്യാൻ അൽപ്പം സ്ഥലം, ഇത്രയുമാണ് രാജന്റെ ആഗ്രഹം. ബാക്കി പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ബാങ്കിലിടും.
കേരള ലോട്ടറിയുടെ കഴിഞ്ഞ ദിവസം നറുക്കെടുത്ത വിൻവിൻ ഒന്നാം സമ്മാനമായ 65 ലക്ഷമാണ് രാജനു ലഭിച്ചത്. കഴിഞ്ഞ ദിവസം കേരള ലോട്ടറിയിൽ രാജനെടുത്ത ടിക്കറ്റിന് 500 രൂപ പ്രൈസ് ലഭിച്ചിരുന്നു.
ഈ തുകയ്ക്ക് 300 രൂപയുടെ ടിക്കറ്റെടുത്ത് വീണ്ടും ഭാഗ്യം പരീക്ഷിച്ചപ്പോഴാണ് വിൻവിൻ ലോട്ടറിയുടെ ടിക്കറ്റിൽ ഒന്നാം സമ്മാനം തന്നെ തേടിയെത്തിയത്. രാജന് ടിക്കറ്റ് വിറ്റത് രോഗിയും നിർധനനുമായ പുലിക്കുന്ന് ചിറപ്പുറത്ത് വീട്ടിൽ കുഞ്ഞുമോനാണ്. കമ്മീഷൻ ഇനത്തിൽ കുഞ്ഞുമോനും കിട്ടും നല്ലൊരു തുക.
30 വർഷത്തോളമായി പതിവായി ലോട്ടറിയെടുക്കുന്നയാളാണ് രാജൻ. മുൻപ് 5000 രൂപ വരെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡൻറ്റും കെട്ടിട നിർമാണ തൊഴിലാളി കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനറുമാണ് രാജൻ. ഭാര്യ: ജെസി. എട്ടാം ക്ലാസ് വിദ്യാർഥി അബിൻ, രണ്ടാം ക്ലാസ് വിദ്യാർഥി അബ്സിൻ എന്നിവരാണ് മക്കൾ.