ശൈലജ ടീച്ചര്‍ക്ക് പകരം മന്ത്രിസ്ഥാനത്തേക്ക് ഇ. പി. ജയരാജന്‍ തിരിച്ചെത്താന്‍ സാധ്യത തെളിയുന്നു, സര്‍ക്കാരില്‍ കണ്ണൂര്‍ ലോബിയുടെ ഇടപെടല്‍ വിജയത്തിലേക്ക്, തലസ്ഥാനത്തെ കരുനീക്കങ്ങള്‍ ഇങ്ങനെ

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ കുരുക്കു മുറുകുമ്പോള്‍ രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ കണ്ണൂരിലേക്ക് തന്നെയാണ്. സ്വജനപക്ഷപാതത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന ശൈലജയെ മാറ്റി ഇ.പി. ജയരാജനെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. നേതൃത്വം വഹിക്കുന്നതാകട്ടെ കണ്ണൂര്‍ ലോബിയും. ശൈലജയും കണ്ണൂരുകാരിയാണെങ്കിലും അടിക്കടിയുണ്ടാകുന്ന വിവാദങ്ങള്‍ ജില്ലാ നേൃത്വത്തിന് ഇവരോടുള്ള താല്പര്യം കുറയാനിടയാക്കിയിട്ടുണ്ട്.

പാര്‍ട്ടിയ്ക്ക് ഏറ്റവും സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രതീക്ഷിച്ചതിലധികം വോട്ടുനേടിയായിരുന്നു ടീച്ചറുടെ വരവ്. പേരാവൂര്‍ തിരിച്ചുപിടിക്കാന്‍ ടീച്ചറുടെ പേരില്‍ ചുവരെഴുത്ത് വരെ തുടങ്ങിയ ശേഷമാണ് കൂത്തുപറമ്പിലേക്ക് സ്ഥാനാര്‍ത്ഥിത്വം മാറിയത്. മണ്ഡലത്തില്‍ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ കഴിയാതെ പോയ സാഹചര്യത്തിലായിരുന്നു ഇത്. കോണ്‍ഗ്രസും ലീഗും ദുര്‍ബലമായിരുന്ന ക്യാമ്പയിനില്‍ ഏറെ മുന്നിലെത്തിയത്തിയ ശൈലജ പ്രതീക്ഷിച്ചതിന്റെ ഇരട്ടിവോട്ടിലാണ് ഒടുക്കം വിജയം കുറിച്ചത്. അങ്ങനെ, ശ്രീമതി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മാറിയ സാഹചര്യത്തില്‍ ശൈലജ ടീച്ചര്‍ കരുത്തുറ്റ സ്ത്രീസാന്നിദ്ധ്യമായി മന്ത്രിസഭയിലെത്തി. എന്നാല്‍ സ്ഥാനമേറ്റതു മുതല്‍ വിവാദങ്ങളിലൂടെയാണ് ശൈലജയുടെ യാത്ര.

ആരോഗ്യവകുപ്പിലെ ഉയര്‍ന്ന തസ്തികകളിലെല്ലാം സ്വന്തക്കാരെ തിരികിക്കയറ്റിയെന്ന ആരോപണം മന്ത്രിക്കെതിരേ ശക്തമാണ്. മന്ത്രിസഭാ യോഗങ്ങളിലും മറ്റും പരസ്യമായി മുഖ്യമന്ത്രി ശാസിക്കുന്ന സ്ഥിതി വരെയെത്തി. ഇതോടെ പാര്‍ട്ടി കീഴ്ഘടകം വരെയും ടീച്ചറെ വകവയ്ക്കാതെയായി. വകുപ്പുകാര്യങ്ങള്‍ മുഴുവന്‍ സെക്രട്ടറിമാരും സിവില്‍ സര്‍വീസുകാരും നിയന്ത്രിക്കുന്നു എന്നതാണ് ശൈലജ ടീച്ചര്‍ക്കെതിരായ മറ്റൊരു പ്രധാന ആരോപണം. ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ രാജിവയ്ക്കുകയാണ് നല്ലതെന്ന നിലപാടിലാകും പാര്‍ട്ടിയെത്തുക. ഈ അവസരത്തിലാണ് ഇ.പിയെ വീണ്ടും സര്‍ക്കാരില്‍ അവരോധിക്കാന്‍ കണ്ണൂര്‍ ലോബി കരുക്കള്‍ നീക്കുന്നത്.

Related posts