കൊച്ചി: ബാലാവകാശ കമ്മീഷനംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു ഹൈക്കോടതിയിൽനിന്നു വീണ്ടും തിരിച്ചടി. നിയമനക്കാര്യത്തിൽ കെ.കെ. ശൈലജ മന്ത്രിപദവി ദുരുപയോഗം ചെയ്തെന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധിന്യായത്തിൽ മന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾക്കു സ്റ്റേ നൽകാനും ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
വിധിന്യായത്തിലെ പരാമർശം നിലനിൽക്കുമെന്നു വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് ഉത്തരവാദിത്വത്തിൽനിന്നു മന്ത്രിക്കു മാറിനിൽക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി. സിംഗിൾ ബഞ്ച് നടത്തിയതു ലളിതമായ വിമർശനമാണ്. ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ ബാലവകാശ കമ്മീഷനിൽ അംഗങ്ങളായെന്നും ഹൈക്കോടതി ചോദിച്ചു.
ബാലാവകാശ കമ്മീഷനംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിധിന്യായത്തിൽനിന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കാൻ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബഞ്ച്. പരാമർശനം നീക്കാൻ ഹർജി നൽകേണ്ടതു സിംഗിൾ ബഞ്ചിലാണെന്നു വ്യക്തമാക്കിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.