മുളങ്കുന്നത്തുകാവ്: പത്ത് ലക്ഷം വില വരുന്ന ഹാഷിഷും വിദേശ കറൻസിയുമായി രണ്ട് പേരെ മെഡിക്കൽ കോളജ് പോലിസ് അറസ്റ്റു ചെയ്തു. ഫോർട്ടി കൊച്ചി സി.പി തോട് സ്വദേശി ഷൈജു(33), കൂരികുഴി വിട്ടിൽ അപ്പു എന്ന മെഹറൂഫ്(25)എന്നിവരെയാണ് പിടികൂടിയത്. 220 ഗ്രാം ഹാഷിഷാണ് പിടികൂടിയത്. മുന്പ് ഇവരുടെ സംഘത്തിലെ മൂന്ന് പേരെ പോലിസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിൽ ഗോവയിൽ നിന്നുമാണ് ഇപ്പോൾ രണ്ടുപേരെ പിടികൂടിയത്. നേരത്തെ മൂന്നുപേരെ പിടികൂടിയതിനെ തുടർന്ന് ലഭിച്ച വിവരങ്ങളാണ് ഇവരുടെ അറസ്റ്റിലേക്ക് വഴി തെളിച്ചത്.
ലോഡ്ജുകളിൽ താമസിച്ച് വിദ്യാർഥികൾക്കും മറ്റും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ വിൽപ്പന നടത്തുന്ന കാറളം വെളുത്തേടത്ത് പറന്പിൽ വീട്ടിൽ ഷലീൽ(28), വടക്കാഞ്ചേരി അകമല വാടാനപറന്പിൽ വീട്ടിൽ ഷമീർ(27), കുണ്ടന്നൂർ ആറ്റത്ര മുല്ലക്കൽ വീട്ടിൽ വൈശാഖ് (29) എന്നിവരാണ് നേരത്തെ 130 ഗ്രാം ഹാഷിഷുമായി അറസ്റ്റിലായത്. അത്താണി- മെഡിക്കൽ കോളജ് റോഡിലെ സ്വകാര്യ ലോഡ്ജിനു മുന്നിൽ നിന്നാണ് ഇവരെ മെഡിക്കൽ കോളേജ് എസ്ഐ പി.യു.സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത.
ഇവരിൽ ഒരാളുടെ കൈവശം മടക്കാൻ കഴിയുന്ന ബാഗ് ഉണ്ടായിരുന്നു. ബാഗിൽ കടലാസ് പൊതിയിൽ പ്ലാസ്റ്ററിൽ കവറിൽ പൊതിഞ്ഞ കറുപ്പ് നിറത്തിലുള്ള വസ്തു പോലിസ് പിടികൂടി. മണത്ത് നോക്കിയപ്പോൾ നിരോധിച്ച മയക്കുമരുന്നാണെന്ന് ബോധ്യമായി. തുടർന്നാണ് പോലിസ് അറസ്റ്റ് ചെയ്തത് ഷലീൽ ഹിമാച്ചാലിലെ മണാലി എന്ന സ്ഥലത്തു നിന്നുമാണ് ഇതു കൊണ്ട് വരുന്നത്.
തൃശുരിന്റെ പല ഭാഗത്തും വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്യാനായി എത്തിയതാണ് സംഘം. 130 ഗ്രം തൂക്കം വരുന്ന ഇതിന് ഏകദേശം അഞ്ച് ലക്ഷത്തിനു മേൽ വില വരും. അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയക്ക് 40 ലക്ഷം രൂപയാണ് ഇതിനെ വില. പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ ബി.സന്തോഷിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടത്തി ഇപ്പോൾ രണ്ടുപേരെ അറസ്റ്റു ചെയ്തത്.
എ.എസ്.ഐ രാജൻ, എസ്.സി.പി.ഒ ടെബി ജോർജ്ജ്, സി.പി.ഒമാരായ ശ്രീജിത്ത്, ശ്രീകാന്ത്, ശശിധരൻ, ഡീജോ, നീധീഷ്, ശ്യംലാൽ, ശെൽവരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.ഇപ്പോൾ പിടിയിലായവർ വിദേശികളെ കേന്ദ്രികരിച്ചാണ് മയക്ക് മരുന്നു വിതരണം ചെയ്യുന്നത്.
ദിവസങ്ങൾക്ക്മുന്പ് കൊച്ചിയിൽ പിടികൂടിയ മയക്ക് മരുന്ന മാഫിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു. അന്താരാഷ്ട്ര മയക്ക് മരുന്ന് വിൽപ്പന സംഘത്തിന്റെ കയ്യിൽ നിന്നാണ് ഇവർ ചെറുകിട കച്ചവടത്തിനു വേണ്ടി ഹാഷിഷ് വാങ്ങുന്നത്.