സ്വന്തം ലേഖകൻ
ഫറോക്ക്: കാരംസ് ബോർഡിൽ പരമാവധി കളിക്കാവുന്നത് നാല് പേർക്കാണെന്ന സങ്കൽപം തിരുത്തിക്കുറിക്കുകയാണ് കോഴിക്കോട് ജില്ലയിലുള്ള ഫറോക്ക് നഗരസഭയിലെ പുറ്റെക്കാട് കാരംസ് ഉടമ സിദ്ധീഖ്. പരന്പരാഗത രീതിയിലുള്ള നാലുപേർക്ക് കളിക്കുന്ന ബോർഡിനുപകരം എട്ടുപേർക്ക് കളിക്കാവുന്ന ബോർഡാണ് സിദ്ധീഖിന്റെ പണിശാലയിൽ നിർമ്മിക്കപ്പെടുന്നത്.
കളിയെ കൂടുതൽ ജനകീയമാക്കുകയെന്ന സിദ്ധീഖിന്റെ പരീക്ഷണങ്ങളാണ് എട്ടുപേർക്ക് കളിക്കാവുന്ന ബോർഡിൽ എത്തിനിൽക്കുന്നത്. നേരത്തെ ഇദ്ദേഹം ആറ് പേർക്ക് കളിക്കാവുന്ന ബോർഡും നിർമിച്ചിരുന്നു. വീണ്ടും കൂടുതൽ പേർക്ക് കളിക്കാനാകും വിധത്തിൽ ബോർഡ് പരിഷ്കരിക്കാൻ തീരുമാനിച്ചപ്പോഴാണ് എട്ടുപേർക്ക് കളിക്കാവുന്ന ബോർഡെന്ന ആശയം സിദ്ധിഖിന്റെ മനസ്സിലുദിച്ചത്.
നിലവിലെ കളി നിയമങ്ങളൊന്നും തെറ്റിക്കാതെ തന്നെയാണ് ഈ പുതിയ ബോർഡും സിദ്ധീഖ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ കാരംസ് ബോർഡിൽ തന്നെ ചെസ്സും കളിക്കാവുന്ന ടുഇൻ വണ്‍ കളി ബോർഡുകളും സിദ്ധീഖ് തയാറാക്കിയിട്ടുണ്ട്.
ഒരേസമയം കൂടുതൽ പേർ കളിക്കുന്നത് കളിയുടെ വാശിയും മത്സരക്ഷമതയും കൂട്ടുമെന്ന വിശ്വാസത്തിലാണ് എട്ടുപേർക്ക് ഒന്നിച്ച് കളിക്കാവുന്ന ബോർഡ് നിർമിക്കുവാൻ പ്രേരിപ്പിച്ചതന്ന് സിദ്ധീഖ് പറഞ്ഞു. കൂടാതെ ഇവയ്ക്ക്് രണ്ട് ബോർഡ് വാങ്ങുന്ന അത്രയും തുകയും സ്ഥലവും ആവശ്യമില്ല.
55 ഇഞ്ച് വലിപ്പമാണ് ബോർഡിനുള്ളത്. ഒരു ടീമിൽ നാലുപേർക്ക് കളിക്കാവുന്ന രീതിയിൽ ബോർഡിന്റെ വശങ്ങളിലെ മൗണ്ടുകളിൽ വ്യത്യസ്ത കളറിൽ പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കാരംസിൽ ജഴ്സിയണിഞ്ഞ് കളിക്കാവുന്ന രീതിയിലുള്ള ബോർഡ് ഇപ്പോൾ എവിടെയും ഇല്ലെന്നാണ് സിദ്ധീഖിന്റെ അവകാശവാദം.