ബംഗളുരു: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ വനിതാ നേതാവിന്റെ കൈയിൽ കടന്നുപിടിച്ച കോണ്ഗ്രസ് നേതാവിനെ പദവികളിൽനിന്നു നീക്കി. കർണാടകയിലെ മുതിർന്ന കോണ്ഗ്രസ് നേതാക്കളിൽ ഒരാളായ ടി.പി.രമേശിനെയാണ് പാർട്ടി ഔദ്യോഗിക ചുമതലകളിൽനിന്നു നീക്കിയത്. കർണാടക സിൽക്ക് മാർക്കറ്റിംഗ് ബോർഡ് പ്രസിഡന്റ് സ്ഥാനമാണ് രമേശിന് നഷ്ടമായത്.
വനിതാ നേതാവിന്റെ കൈയിൽ കടന്നുപിടിക്കുന്ന ദൃശ്യങ്ങൾ ഒരു ടിവി ചാനലാണ് പുറത്തുവിട്ടത്. സംഭവം വിവാദമായതിനെത്തുടർന്ന് രമേശ് ഫോണ് ചെയ്ത് മാപ്പു പറഞ്ഞതായി വനിതാ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീടും വിവാദം ഒടുങ്ങാതായതോടെ പദവി ഒഴിയാൻ രമേശിനോടു പാർട്ടി ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവാദമായെങ്കിലും വനിതാ നേതാവ് ഇതേവരെ പോലീസിൽ പരാതിപ്പെട്ടിട്ടില്ല.