തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതൽ മദ്യവിൽപനശാലകൾ തുറക്കുന്നതിനായി കോർപറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്തി പുനർ വിജ്ഞാപനം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന പാതകളുടെ ബൈപ്പാസ് അടക്കമുള്ള ഭാഗങ്ങൾ ഡീ നോട്ടിഫൈ ചെയ്യുന്പോൾ സംസ്ഥാനത്തു പുതുതായി 130 മദ്യവിൽപനശാലകൾ തുറക്കാൻ കഴിയുമെന്നാണു സർക്കാർ കണക്കാക്കുന്നത്.
ദേശീയ- സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണു പാതയുടെ പദവി ഡിനോട്ടിഫൈ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചത്. നഗരപരിധിയിലെ സംസ്ഥാനപാതകൾ ഡീനോട്ടിഫൈ ചെയ്യുന്പോൾ ത്രീ സ്റ്റാറും അതിനു മുകളിലും പദവിയുള്ള 70 ബാറുകൾ തുറക്കാനാകും.
ചിലർ അപേക്ഷ നൽകാതെ മാറിനിൽക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ എണ്ണത്തിൽ നേരിയ കുറവു വന്നേക്കാം. ഇതുകൂടാതെ കള്ളുഷാപ്പുകൾ, ബിയർ-വൈൻ പാർലറുകൾ, ക്ലബുകൾ എന്നിവയടക്കം 130 മദ്യശാലകൾ തുറക്കാനാണു വഴിയൊരുക്കുന്നത്. 117 ബാറുകളാണ് ഇപ്പോൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നത്.
മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പറയാതെ സംസ്ഥാന പാതകളെ ഡീനോട്ടിഫൈ ചെയ്യാനുള്ള നിർദേശമാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്.ഹൈവേ പ്രൊട്ടക്ഷൻ ആക്ട് 1999 പ്രകാരമാണു പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നത്. ഡീനോട്ടിഫൈ ചെയ്യുന്പോൾ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു മാറും.
നഗരസഭകളുടെ പരിധിയിൽവരുന്ന പാതകളുടെ പരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും എന്ന അഭിപ്രായം കൂടി സർക്കാരിനുണ്ട്. തീരുമാനം നടപ്പാകുന്പോൾ എത്ര കിലോമീറ്റർ ദൂരത്തിൽ പാതകളുടെ പദവി മാറുമെന്നത് സംബന്ധിച്ച് കണക്കെടുക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ (റോഡ്സ്) ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർമാർക്ക് നിർദേശം നൽകി. കണക്കെടുപ്പ് പൂർത്തിയാക്കിയാലുടൻ ഉത്തരവ് പുറത്തിറക്കും.
മദ്യശാലാനിരോധന ഉത്തരവിന്റെ ലംഘനമാകില്ലെന്നു സുപ്രീംകോടതി
ന്യൂഡൽഹി: മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അടക്കമുള്ള നഗര പ്രദേശങ്ങളിലെ സംസ്ഥാന പാതകളുടെ പദവി പുനർവിജ്ഞാപനം ചെയ്യുന്നതിൽ വ്യക്തത വരുത്തി സുപ്രീംകോടതി. പുനർവിജ്ഞാപനം നടത്തുന്നതു ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ നിരോധിക്കുന്ന ഉത്തരവിന്റെ ലംഘനം ആകില്ലെന്നാണു സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. നിരവധി പരാതികളും അപേക്ഷകളും ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവിൽ സുപ്രീംകോടതി വ്യക്തത വരുത്തിയിരിക്കുന്നത്. പാതകൾ പുനർവിജ്ഞാപനം ചെയ്യുന്നതിന് വിധി തടസമാകില്ലെന്നാണു ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ ഉത്തരവ്.