കൊച്ചി: വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം പഠനശേഷി കുറയ്ക്കുന്നതായി പഠനം. എറണാകുളം ജില്ലയിലെ ഏഴായിരത്തിലധികം ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍.
ശക്തിയേറിയ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിലേക്കു പുകയില ഉപയോഗം നയിക്കുന്നുണ്ടെന്നും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
നാഷണല്‍ ഹെല്‍ത്ത് മിഷന് കേരള ഘടകം, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരുന്നു പഠനം. പുകയില ഉപയോഗിക്കുന്നവരില്‍ 76.3 ശതമാനം പേരും കുറഞ്ഞത് ഒരു വിഷയത്തിലെങ്കിലും പരാജയപ്പെടുന്നവരാണെന്നു പഠനത്തില്‍ പറയുന്നു.
പുകയില ഉപയോക്താക്കളില്‍ മദ്യവും മറ്റു ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നവരുടെ നിരക്കും വളരെ കൂടുതലാണ്.പുകയില ഉപയോക്താക്കളില്‍ മദ്യം ഉപയോഗിക്കുന്നവര്‍ 67.8 ശതമാനവും പുകയില ഉപയോഗിക്കാത്തവരില്‍ ഇത് 11 ശതമാനവുമാണ്.
ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിലും പുകയില ഉപയോക്താക്കള്‍ മുന്നിലാണ്. ദക്ഷിണേന്ത്യയിലും കണ്ണൂര്‍ ജില്ലയിലും നടത്തിയ മുന്‍ പഠനങ്ങളെ അപേക്ഷിച്ചു കൗമാരക്കാരായ ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ പുകയില ഉപയോഗത്തിന്റെ തോത് കുറയുന്ന പ്രവണത പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.