സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തയാണ് പൃഥ്വിരാജിനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അടുകാലത്ത് തിയറ്ററിലെത്തിയ പൃഥ്വിരാജ് ചിത്രങ്ങളെല്ലാം ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമായിരുന്നു. ഇവയില്‍ ഏറിയ പങ്കും വിജയ ചിത്രങ്ങളായിരുന്നു. അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ എസ്രയ്ക്ക് ശേഷം തിയറ്ററിലെത്തിയ ടിയാന് ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
ചിത്രത്തിന്റെ പരാജയം അംഗീകരിക്കുന്ന പൃഥ്വിരാജ് അതിന്റെ പരാജയ കാരണവും വ്യക്തമാക്കുന്നു. തന്റെ പുതിയ ചിത്രമായ ആദം ജോആനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് പൃഥ്വി ടിയാനേക്കുറിച്ചും സംസാരിച്ചത്. ടിയാന് എന്ന ചിത്രത്തേക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തേക്കുറിച്ചും വ്യക്തതയില്ലാതെ പോയതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാല്‍ പ്രേക്ഷകരെ കുറ്റം പറയുന്നില്ല. അണിയറ പ്രവര്‍ത്തകരായ തങ്ങള്‍ തന്നെയാണ് കുറ്റക്കാരെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. മതവിശ്വാസങ്ങള്‍ മുതലെടുത്ത് ആളുകളെ ചൂഷണം ചെയ്യുന്ന ഒരു ഹൈന്ദവ ആള് ദൈവം. അയാള്‍ക്ക് എതിര് നില്ക്കുന്ന ഒരു ബ്രാഹ്മണനാണ്. ആ ബ്രാഹ്മണന് സുഹൃത്തായി എത്തുന്നത് ഒരു മുസ്ലിമാണ്. മതങ്ങള്‍ക്കും മാനവീകതയ്ക്കും അപ്പുറമാണ് മാനവീതക എന്നതാണ് ചിത്രത്തിന്റെ രാഷ്ട്രീയമെന്നും പൃഥ്വി പറഞ്ഞു.