ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത അപൂര്‍വ പ്രതിഭാസത്തിനു നവംബര്‍ സാക്ഷിയാകുമെന്നു ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം. നമ്മുടെ ഭൂമിയുടെ മാറ്റങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വ്യാപക പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നാസയുടെ ഔദ്യോഗിക സ്ഥിരീകരണം എത്തിയത് അടുത്തിടെയാണ്. ഈവര്‍ഷം നവംബറില്‍ 15 ദിവസത്തോളം ഭൂമി ഇരുട്ടിലാകുമെന്നാണു വൈറ്റ് ഹൗസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നവംബര്‍ 15 മുതല്‍ 29വരെ ഈ അപൂര്‍വ പ്രതിഭാസമുണ്ടാകുമെന്നാണ് 1000 പേജോളം വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്…. മലയാളത്തിലെ അനേകം ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഒന്നില്‍ വന്ന വാര്‍ത്തയുടെ തുടക്കമാണിത്. സത്യത്തില്‍ ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുമോ? നാസയുടെ തലയില്‍ പിതൃത്വം വച്ചുകെട്ടിയ വാര്‍ത്ത 100 ശതമാനം തെറ്റാണെന്നാണ് ശാസ്ത്രഞര്‍ പറയുന്നത്.
സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുന്ന വാര്‍ത്തയുടെ ആധികാരികത തള്ളി ലോക പ്രശസ്ത മാധ്യമങ്ങളിലൊന്നായ ഫോബ്‌സ് മാഗസിന്‍ പ്രത്യേക റിപ്പോര്‍ട്ട് തന്നെ നല്കിയിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഏതോ ഒരാളുടെ ഭാവനയില്‍ വിരിഞ്ഞ ആശയമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില രണ്ടാംകിട ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മലയാളത്തിലെ ചില ചെറുകിട ഓണ്‍ലൈനുകളും പ്രസിദ്ധികരിച്ചിരുന്നു. മലയാളത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ-
ഇത്തരമൊരു അപൂര്‍വ പ്രതിഭാസം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും എന്നുണ്ടാകുമെന്നു വ്യക്തമായിരുന്നില്ല. എന്നാല്‍, നാസയിലെ ശാസ്ത്രജ്ഞരുടെ ഇപ്പോഴത്തെ നിഗമനം അനുസരിച്ച് നവംബര്‍ 15നു (അമേരിക്കന്‍ സമയം) രാവിലെ മൂന്നു മുതല്‍ 30ന് ഉച്ചകഴിഞ്ഞു 4.45 വരെ ഈ പ്രതിഭാസമുണ്ടാകുമെന്നാണു കരുതുന്നത്. വ്യാഴത്തിനും ശുക്രനുമിടയിലുണ്ടാകുന്ന സ്ഥാനമാറ്റങ്ങളാണ് ഇതിലേക്കു നയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാസയുടെ മേധാവി ചാള്‍സ് ബോള്‍ഡന്‍, ഇക്കാര്യത്തെക്കുറിച്ചു വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ വിശദീകരിച്ചെന്നും ഒരു വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴവും ശുക്രനും നിശ്ചിത കാലഘട്ടത്തില്‍ വളരെയധികം അടുത്തുവരികയും ഒരു ഡിഗ്രി മാത്രമാകും ഇവയ്ക്കിടയിലെ അകലമെന്നും പറയുന്നു.
വ്യാഴത്തെ അപേക്ഷിച്ചു തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ശുക്രന്‍, ഈസമയം പത്തിരട്ടി തീഷ്ണതയില്‍ പ്രകാശിക്കും. ഇത് വ്യാഴത്തിലെ വാതകങ്ങളുടെ താപനില ക്രമാതീതമായി ഉയര്‍ത്തും. ഇത് ഉയര്‍ന്നതോതില്‍ ഹൈഡ്രജന്‍ ശൂന്യാകാശത്തേക്കു പ്രവഹിപ്പിക്കും. ഈ പ്രതിഭാസം നവംബര്‍ 15നു സൂര്യനുമായി സമ്പര്‍ക്കത്തിലാകും. ഹൈഡ്രജന്‍ വാതകങ്ങള്‍ സൂര്യന്റെ ഉപരിതലത്തില്‍ വലിയ സ്‌ഫോടനങ്ങളുണ്ടാക്കും. ഇതു താപനില 9000 ഡിഗ്രിവരെ ഉയര്‍ത്തും. താപനില ഉയരുന്നതോടെ സൂര്യന്റെ നിറം നീലയോട് അടുക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇതിനുശേഷം സൂര്യനു സാധാരണ നിലയിലേക്ക് എത്താന്‍ പതിനഞ്ചു ദിവസമെങ്കിലും വേണ്ടിവരും.
സൂര്യന്റെ നിറം നീലയോട് അടുക്കുന്നതോടെ ഭുമിയടക്കമുള്ള ഗ്രഹങ്ങളിലേക്കുള്ള പ്രകാശത്തിന്റെ തീവ്രത കുറയുമെന്നാണു വിലയിരുത്തല്‍. ഇതു 15 ദിവസം ഭൂമിയെയും ഇരുളിലാക്കുമെന്നാണു നാസ ചൂണ്ടിക്കാട്ടുന്നത്. ഇതുകൊണ്ട് ഭൂമിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ താപനില ആറു മുതല്‍ എട്ടു ഡിഗ്രിവരെ ഉയരും. ധ്രുവ പ്രദേശങ്ങളെയാകും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. അലാസ്കയില്‍ മഞ്ഞുകാലത്തു സമാന പ്രതിഭാസങ്ങളുണ്ടാകുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നുന്നു.
ഇത്തരത്തില്‍ ആളുകളെ ഭയപ്പെടുത്തുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ശാസ്ത്ര മാഗസിനുകള്‍ അവബോധവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.forbes.com/sites/marshallshepherd/2017/08/23/no-nasa-is-not-predicting-15-days-of-complete-darkness-in-november/#302e2d2747f6